
കോഴിക്കോട് : നരിക്കുനി എരവന്നൂർ എ യു പി സ്കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയിൽ നടപടി. സ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊടുവള്ളി എഇഒ യുടെ ശുപാർശ പ്രകാരമാണ് സ്കൂൾ മാനേജർ സുപ്രീനയെ സസ്പെൻഡ് ചെയ്തത്. എം പി ഷാജിയെ കുന്നമംഗലം എഇഒ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എരവന്നൂർ എയുപി സ്കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മർദ്ദന പരാതി നൽകിയത്. അധ്യാപക സംഘടന എസ്ടിയു വിന്റെ ജില്ലാ നേതാവാണ് ഷാജി.
തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെയാണ് പോലൂർ എൽ പി സ്കൂളിലെ അധ്യാപകൻ ഷാജി കടന്നുകയറി അതിക്രമം കാണിച്ചത്. തടയാനുളള ശ്രമത്തിനിടെ, പ്രധാനാധ്യാപകൻ പി ഉമ്മർ അധ്യാപകരായ വീണ, അനുപമ, ജസീല, മുഹമ്മദ് ആസിഫ് എന്നിവർക്ക് പരിക്കേറ്റു.
ഷാജിയുടെ ഭാര്യ സുപ്രീന എരവന്നൂർ സ്കൂളിലെ അധ്യാപികയാണ്. ഒരധ്യാപകൻ കുട്ടിയെ തല്ലിയെന്ന പരാതി ഇവർ പൊലീസിന് കൈാറിയതുമായ വിഷയം ചർച്ചചെയ്യാനായിരുന്നു സ്റ്റാഫ് യോഗം വിളിച്ചുചേർത്തത്. അത്തരമൊരു സംഭവം നടന്നില്ലെന്നും ആശയക്കുഴപ്പം പരിഹരിച്ച ശേഷം പൊലീസിലറിയിച്ചത് ശരിയായില്ലെന്നുമാണ് സ്റ്റാഫ് യോഗം നിലപാടെടുത്തത്. ഇതിനിടെ ഷാജി കടന്നുകയറി അതിക്രമം കാണിക്കുകയായിരുന്നുവെന്ന് പ്രധാനാധ്യാപകൻ ഉമ്മർ പറയുന്നു. വിദ്യാർത്ഥിയുടെ പരാതി ഒഴിവാക്കാൻ ശ്രമിച്ചതിനെതിരെയാണ് താൻ സംസാരിച്ചതെന്ന് അധ്യാപിക സുപ്രീന പറയുന്നു. തന്നോട് മറ്റധ്യാപകർ മോശമായി സംസാരിക്കുന്നത് കണ്ടതുകൊണ്ടാണ് ഭർത്താവ് ഇടപെട്ടതെന്നും ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപികയുടെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam