ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയാണ് സുപ്രീനയും. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് താൻ സ്കൂളിലെത്തിയത് എന്നാണ് ഷാജിയുടെ വിശദീകരണം.

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്കൂളിലെ അധ്യാപകനും എരവന്നൂർ എയുപി സ്കൂളിലെ അധ്യാപികയുടെ ഭർത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്ന് ആരോപണം. ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻടിയുവിന്റെ നേതാവാ‌യ ഷാജി ഭാര്യ ജോലി ചെയ്യുന്ന സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകർ പറയുന്നു.

കയ്യാങ്കളിയിൽ പൊലീസും എഇഒയും അന്വേഷണം തുടങ്ങി. ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാൾ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ അധ്യാപകർ തല്ലിയെന്ന പരാതിയാണ് പ്രശ്നങ്ങളുടെ തുടക്കം. വിദ്യാർഥികളെ തല്ലിയ പരാതി പൊലീസിന് കൈമാറിയതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

രണ്ട് വിദ്യാർത്ഥികളെ അധ്യാപകർ മ‍‍‍ർദ്ദിച്ചെന്ന പരാതി സുപ്രീന കാക്കൂർ പൊലീസിന് കൈമാറി. എന്നാൽ, ഇത് നിസാര സംഭവമാണെന്ന് സുപ്രീനയുടെ നടപടി ശരിയായില്ലെന്നും സഹ അധ്യാപകർ പറയുകയും സ്റ്റാഫ് മീറ്റിംഗ് വിളിക്കുകയും ചെയ്തു. ഈ യോഗത്തിലേക്കാണ് സുപ്രീനയുടെ ഭർത്താവും പോലൂ‍ർ എൽ പി സ്കൂളിലെ അധ്യാപകനുമായ ഷാജി അതിക്രമിച്ചുകയറിയത്. ഷാജിയെ തടയാനുളള ശ്രമത്തിനിടെയാണ് പ്രധാനാധ്യാപകൻ പി ഉമ്മറിനടക്കം പരിക്കേറ്റത്. ഇവരെല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

കുട്ടികളെ മർദ്ദിച്ചെന്ന പരാതി ശരിയല്ലെന്ന് പി ഉമ്മർ പ്രതികരിച്ചു. ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ഈ പ്രശ്നം പരിഹരിച്ചിരുന്നു. അതിന് ശേഷമാണ് സുപ്രീന വിവരം പൊലീസിലറിയിച്ചതെന്നും സഹ അധ്യാപകർ അറിയിച്ചു. 

എന്നാൽ വിദ്യാർഥിയുടെ പരാതി അട്ടിറിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് താൻ പൊലീസിന് പരാതി നൽകിയതെന്ന് സുപ്രീന വിശദീകരിച്ചു. തന്നോട് മറ്റ് അധ്യാപകർ മോശമായി സംസാരിച്ചതിനാലാണ് ഭർത്താവ് ഇടപെട്ടത്. ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപിക അറിയിച്ചു. ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയാണ് സുപ്രീനയും. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് താൻ സ്കൂളിലെത്തിയത് എന്നാണ് ഷാജിയുടെ വിശദീകരണം. എന്തായാലും നാട്ടിലാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് സ്കൂളിലെ അധ്യാപകരുടെ കൂട്ടത്തല്ലെന്ന് നാട്ടുകാർ പറയുന്നു.