
കൊല്ലം : സ്‌കൂളിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. കൊല്ലം ചാത്തന്നൂർ ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ സുമാദേവിക്കാണ് കാലിന് ഗുരുതരമായ പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവമുണ്ടായത്. സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കാർ പാർക്കിങ്ങിലേക്കുള്ള ഗേറ്റ് പൂർണമായും തകർന്ന് വീഴുകയായിരുന്നു. പാർക്കിങ് ഏരിയയിൽ നിന്നും കാർ എടുക്കുന്നതിനായി ഗേറ്റ് തുറന്നപ്പോഴാണ് അപകടമുണ്ടായത്.
കാൽ മുട്ടിന്റെ ചിരട്ട തകർന്ന് ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചു. അവിടെ നിന്നും കൂടുതൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്റർ നാഷണൽ സ്കൂൾ ആയി ഉയർത്തുന്നതിനായി കിഫ് -ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ് ചാത്തന്നൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റേത്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചരകോടിയോളം രൂപ ചിലവാക്കി നിർമ്മിക്കുന്ന സ്കൂളുകളിലെ പ്രധാന കെട്ടിടമാണിത്.
2021 ഫെബ്രുവരിയിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥാണ് കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചിരുന്നത്. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൾ വാഹിദിന്റെ ഉടമസ്ഥതയിലുള്ള ഇ. ജെ കൺസ്ട്രക്ഷൻ കമ്പനിയ്ക്കായിരുന്നു നിർമ്മാണ ചുമതല. സ്കൂൾ നിർമ്മാണത്തിൽ ക്രമകേട് ആരോപിച്ച് നിരവധി പരാതികൾ നൽകുകയും ചെയ്തിരുന്നുവെങ്കിലും അന്വേഷണമുണ്ടായില്ല. കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഗുരുതരമായ ക്രമകേടുകൾ നടന്നിട്ടുണ്ടെന്ന് അധ്യാപകരും പി ടി എ ഭാരവാഹികളും ആവർത്തിച്ച് ആരോപിച്ചു. ചാത്തന്നൂർ പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam