
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപ വീടുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വ്യക്തതയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചാൽ ഇപ്പോഴത്തെ സ്കീം അനുസരിച്ച് വീടുകൾക്ക് ചെറിയ തുകയേ കിട്ടുകയുള്ളുവെന്നും പ്രശ്‍നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടെ മരട് ഫ്ലാറ്റുകൾക്ക് സമീപമുള്ള വീടുകൾക്ക് നല്‍കാനിരുന്ന ഇൻഷുറൻസ് തുക 125 കോടിയിൽ നിന്ന് 100 കോടി രൂപയായി സർക്കാർ വെട്ടികുറച്ചിരുന്നു. ഉയർന്ന പ്രീമിയം നിരക്കാണ് ഇൻഷുറന്‍സ് തുക കുറയ്ക്കാൻ കാരണമായി സർക്കാർ പറയുന്നത്. ആറു മാസമാണ് ഇൻഷുറന്‍സ് കാലവധി.
മരടിൽ ഫ്ലാറ്റുകൾ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകൾക്ക് ഇൻഷുറന്‍സ് പരിരക്ഷ ഏർപ്പെടുത്തുന്ന വിഷയത്തിൽ നാട്ടുകാരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നാഷണല്‍ ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന എഡിഫൈസിന്‍റെയും വിജയ സ്റ്റീല്‍സിന്‍റെയും പ്രതിനിധിയാണ് യോഗത്തിനെത്തിയത്. ഇതോടെ വ്യവസ്ഥകള്‍ അംഗീകരിക്കാതെ നാട്ടുകാർ ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ആല്‍ഫ വെഞ്ചേഴ്സ് ഫ്ലാറ്റിന് സമീപത്തെ വീടുകളില്‍ സർവേയ്ക്കെത്തിയ ഇൻഷുറൻസ് കമ്പനി പ്രതിനിധികളെ നാട്ടുകാര്‍ തടയുകയും ചെയ്‍തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam