'രാഷ്ട്രീയമല്ല, ജീവനാണ് വലുത്'; ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോണ്‍ഗ്രസുകാരനായ അധ്യാപകൻ

Web Desk   | Asianet News
Published : Apr 26, 2020, 07:40 PM ISTUpdated : Apr 26, 2020, 07:52 PM IST
'രാഷ്ട്രീയമല്ല, ജീവനാണ് വലുത്'; ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോണ്‍ഗ്രസുകാരനായ അധ്യാപകൻ

Synopsis

"ഈ അവസരത്തില്‍ രാഷ്ട്രീയമല്ല നോക്കേണ്ടത്..പാവപ്പെട്ട ജനങ്ങളുടെ ജീവനാണ്..ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്‍റെ അച്ഛനും അച്ഛാഛനും നമ്മുടെ കുടുംബവും ഒരു കോണ്‍ഗ്രസ് കുടുംബമാണ്."സുബാഷ് പറയുന്നു

കണ്ണൂർ: ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കുമെന്ന ഉത്തരവ് കത്തിച്ച ഒരു വിഭാ​ഗം അധ്യാപകരുടെ നടപടിയിൽ പ്രതികരണവുമായി അധ്യാപകൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അധ്യാപകനായ സുബാഷ് കെ പുത്തൂർ രം​ഗത്തെത്തിയത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ അംഗമാണെന്നും തന്റെ രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും സുബാഷ് കുറിച്ചു.

കണ്ണൂര്‍ ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്‌കൂളിലെ അധ്യാപകനാണ് ഇദ്ദേഹം. ഒരധ്യാപകന്‍ എന്ന നിലയില്‍ ഇന്നലെ നടന്ന പ്രതിഷേധ നടപടിയോട് മാനസികമായി ഒരിക്കലും യോജിക്കാന്‍ സാധിക്കുന്നില്ലെന്നും സുബാഷ് കുറിക്കുന്നു. "ഈ അവസരത്തില്‍ രാഷ്ട്രീയമല്ല നോക്കേണ്ടത്..പാവപ്പെട്ട ജനങ്ങളുടെ ജീവനാണ്..ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്‍റെ അച്ഛനും അച്ഛാഛനും നമ്മുടെ കുടുംബവും ഒരു കോണ്‍ഗ്രസ് കുടുംബമാണ്."സുബാഷ് പറയുന്നു.

സുബാഷ് കെ പുത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

''എന്‍റെ രണ്ടു മാസത്തെ ശമ്പളം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ''
പ്രിയ സഹോദരങ്ങളേ...
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള ഗവഃ ഒാര്‍ഡര്‍ എന്‍റെ സംഘടനയില്‍ തന്നെയുള്ള അധ്യാപക സുഹൃത്തുക്കള്‍ ഇന്നലെ കത്തിച്ചു പ്രധിഷേധിച്ചതാണ് ഈ പോസ്റ്റിനാധാരം.
ഞാന്‍ ഒരധ്യാപകനാണ്.ഒരു KPSTA മെമ്പറുമാണ്.പക്ഷെ ഒരധ്യാപകന്‍ എന്ന നിലയില്‍ ഇന്നലെ നടന്ന പ്രതിഷേധ നടപടിയോട് മാനസീകമായി ഒരിക്കലും യോജിക്കാന്‍ എനിക്കു സാധിക്കുന്നില്ല.
എന്‍റെ നാട് ഒരു ഉള്‍ ഗ്രാമമാണ്.സാധാരണക്കാരായ ജനങ്ങള്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമം. കൂലിപ്പണി എടുത്താണ് ഒട്ടു മിക്ക ആള്‍ക്കാരും ജീവിക്കുന്നത്.പണിയില്ലാതായിട്ട് കഷ്ടപാടിലാണ് എല്ലാവരും.അതു പോലെയുള്ള എത്ര ലക്ഷക്കണക്കിനാളുകളാണ് നമ്മുടെ കേരളത്തില്‍ ....
അവര്‍ക്കൊക്കെ ജീവിക്കേണ്ടേ....ആപത്തു വരുമ്പോഴല്ലാതെ പിന്നെ എപ്പോഴാ സഹായിക്കുക.
ഈ അവസരത്തില്‍ രാഷ്ട്രീയമല്ല നോക്കേണ്ടത്..പാവപ്പെട്ട ജനങ്ങളുടെ ജീവനാണ്..
ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്‍റെ അച്ഛനും അച്ഛാഛനും നമ്മുടെ കുടുംബവും ഒരു കോണ്‍ഗ്രസ് കുടുംബമാണ്.പ്രതിപക്ഷമാണ് എന്ന കാരണം കൊണ്ട് എല്ലാം എതിര്‍ക്കുക എന്ന നിലപാട് നല്ലതല്ല.
പ്രളയ കാലത്തും അതിന് ശേഷവും അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടത് കിട്ടിയില്ല എന്നതും സര്‍ക്കാറിന്‍റെ ധൂര്‍ത്തും പാര്‍ട്ടിയിലെ ഒരു വിഭാഗം ആള്‍ക്കാര്‍ കാണിച്ച അഴിമതിയുമാണ് സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളേ നിങ്ങളെ പിന്‍ തിരിപ്പിച്ചതെങ്കില്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ കത്തിച്ചു കളയുന്നതോടൊപ്പം നാട്ടിലുള്ള ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി അവര്‍ക്ക് നിങ്ങളുടെ ശമ്പളത്തിന്‍റെ ഒരു ഭാഗം നല്‍കാന്‍ നിങ്ങള്‍ തയ്യാറാകണമായിരുന്നു.നിങ്ങളുടെ ശമ്പളം കൊടുത്ത് നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം എന്ന തോന്നലുള്ളവര്‍ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.
കോവിഡ് വ്യാപനം അമേരിക്കയിലേതുപോലെ ഇവിടെ കേരളത്തില്‍ വ്യാപിച്ചിരുന്നെങ്കില്‍ ശമ്പളം എണ്ണി വാങ്ങാന്‍ നമ്മള്‍ ഇന്ന് ഉണ്ടായിരിക്കില്ലായിരുന്നു.
പല ഉദ്യോഗസ്ഥരും പ്രളയ കാലം സുവര്‍ണ കാലമാക്കിയിട്ടുണ്ടാകാം..അതും പറഞ്ഞ് ഇപ്പോള്‍ അപകടത്തില്‍ പെട്ടിരിക്കുന്ന പാവപ്പെട്ട ജനങ്ങളെ സഹാക്കാനുള്ള ഈ അവസരം നമ്മള്‍ കത്തിച്ചു കളയുകയല്ല വേണ്ടത് അവരുടെ കൂടെ നില്‍ക്കുകയാണ്.
എന്‍റെ സ്കൂളില്‍ എല്ലാ അധ്യാപകരും പി.ടി.എ കമ്മറ്റിയും ചേര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ച തന്നെ സ്കൂളിന്‍റെ പരിസരത്തുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 2000 രൂപയോളം വരുന്ന കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.
പ്രളയമുണ്ടായപ്പോള്‍ സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ മടി കാണിച്ച ആളുതന്നെയാണു ഞാനും.സഹായിക്കാനുള്ള മടി കൊണ്ടായിരുന്നില്ല ..കല്യാണാവശ്യങ്ങള്‍ക്കായുള്ള ലോണും വണ്ടി വാങ്ങിയ ലോണും , കുറിയും ,വീട്ടു ചെലവുമൊക്കെ കണക്കു കൂട്ടി നോക്കിയപ്പോള്‍ സാലറി ചാലഞ്ചില്‍ കൂടാന്‍ തോന്നിയില്ല.അവസാനം PF ലോണ്‍ 10 മാസത്തേക്ക് മരവിപ്പിച്ച് സാലറി ചാലഞ്ച് ഏറ്റെടുത്തു.സര്‍ക്കാര്‍ തന്ന ശമ്പളം കൊണ്ടുതന്നെയാണ് ഇതൊക്കെ ഉണ്ടായത് എന്ന് അപ്പോള്‍ ഓര്‍ത്തു.
അധ്യാപകരെ സംബന്ധിച്ചടുത്തോളം ഏറ്റവും കൂടുതല്‍ സാമൂഹിക പ്രതിബദ്ധത കാണിക്കേണ്ട സമയമല്ലേ....ഇത്..

ഒരു കാര്യം '' ആരെയും നോവിക്കാനോ,ആരെയും കുറ്റപ്പെടുത്താനോ,ആരെയെങ്കിലും ഇതിലേക്ക് നിര്‍ബന്ധിക്കാനോ ,തിരിച്ചൊരു മറുപടിക്കു വേണ്ടിയോ,അല്ല ഈപോസ്റ്റ്...അധ്യാപക സമൂഹത്തോടുള്ള ആദരവ് ഈ സമൂഹത്തില്‍ എന്നും നില നില്‍ക്കണം എന്ന ആഗ്രഹംകൊണ്ടുമാത്രം......
നന്ദി .....

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്