ഡേറ്റിങ്ങ് ആപ്പിലെ വാഗ്ദാനം വിശ്വസിച്ച് കൊച്ചിയിലെത്തിയ 23കാരിയെ കവർച്ചയ്ക്ക് ഇരയാക്കിയ ശേഷം കശ്മീർ സ്വദേശി മുങ്ങി. കശ്മീർ സ്വദേശിയായ അമൻദീപിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
കൊച്ചി: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിലെത്തിച്ച് കവർച്ചയ്ക്ക് ഇരയാക്കിയ ശേഷം കശ്മീർ സ്വദേശി മുങ്ങി. ആലുവയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനെതിരെ കേസെടുത്തെങ്കിലും ആളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. യുവാവിനെ വിശ്വസിച്ച് കൊച്ചിയിലെത്തിയ 23കാരി പെരുവഴിയിലായി.
ഡേറ്റിങ്ങ് ആപ്പിലെ വാഗ്ദാനം വിശ്വസിച്ച് ഉള്ള ജോലിയും മാതാപിതാക്കളേയും ഉപേക്ഷിച്ച് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിയതാണ് യുവതി. ഏപ്രിൽ മാസത്തിലാണ് കശ്മീർ സ്വദേശിയായ അമൻദീപിനെ പരിചയപ്പെടുന്നത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അമൻദീപ് ജോലി ചെയ്തിരുന്ന ആലുവയിലേക്ക് യുവതി എത്തി. ഒരുമിച്ച് താമസം തുടങ്ങി. ആലുവയിലെ ഫ്ലാറ്റിൽ തന്‍റെ ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നുവെന്നും യുവതി പറയുന്നു. കൊൽക്കത്ത സ്വദേശിയിയായ താനുമായുള്ള വിവാഹത്തിന് യുവാവിന്‍റെ കുടുംബത്തിന് താൽപര്യമില്ലായിരുന്നു. നവംബർ മാസത്തിൽ മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തി സമ്മതം വാങ്ങി വാരാമെന്ന് പറഞ്ഞ് അമൻദീപ് കശ്മീരിലേക്ക് പോയി. യുവതിയെ കൊൽക്കത്തയിലേക്കും പറഞ്ഞയച്ചു.
വീട്ടിലെത്തിയ ശേഷം യുവാവ് അകൽച്ച കാട്ടിത്തുടങ്ങി. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. യുവതിയുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് കൊച്ചിയിൽ തിരികെ എത്താമെന്ന് സമ്മതിച്ചു. യുവതിയും കൊൽക്കത്തയിൽ നിന്ന് വിമാനം കയറി. ഡിസംബർ 8ന് യുവാവ് കൊച്ചിയിലെത്തിയെന്ന് ഫോൺ ലൊക്കേഷൻ പരിശോധിച്ചതിലൂടെ മനസിലായി. പക്ഷേ യുവതിക്ക് മുന്നിലെത്തിയില്ല.
യുവതി നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകി. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടി താക്കോലുമായാണ് അമൻദീപ് മുങ്ങിയത്. പൊലീസ് അകമ്പടിയിൽ ഫ്ലാറ്റ് തുറന്നപ്പോഴാണ് പണവും ആഭരണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിന് പൊലീസ് കേസെടുത്തു. ഫ്ലാറ്റിൽ താമസിക്കാൻ ഉടമ അനുവദിക്കാത്തതിനാൽ ഹോട്ടൽ റൂമിൽ കഴിയുകയാണ് യുവതിയിപ്പോൾ. മറ്റ് പല സ്ത്രീകളുമായി യുവാവിനെ ബന്ധമുണ്ടെന്നും തന്നെ വഞ്ചിക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ ആരോപണം. യുവാവിനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാൾ കേരളം വിട്ടതായാണ് വിവരം.



