മാസ്ക് ധരിക്കണമെന്ന നിർബന്ധം: എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകളിൽ ആൾമാറാട്ടത്തിന് സാധ്യതയെന്ന് അധ്യാപകർ

By Web TeamFirst Published May 24, 2020, 10:31 AM IST
Highlights

വിവിധ അധ്യാപക സംഘടനകള്‍ വിദ്യാഭ്യാസമന്ത്രിയെ സമീപിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ആള്‍മാറാട്ടം നടന്നാല്‍ അധ്യാപകര്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്

തിരുവനന്തപുരം: എസ്എസ്എല്‍സി - പ്ലസ് ടു പരീക്ഷക്ക് സെന്റർ മാറിയെത്തുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സര്‍ക്കാര്‍ പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി വിവിധ അധ്യാപക സംഘടനകള്‍. മാസ്ക് ധരിക്കണമെന്ന് നി‍ര്‍ബന്ധമുള്ളതിനാല്‍ വിദ്യാർത്ഥികൾ അള്‍മാറാട്ടം നടത്തി പരിക്ഷാ ഹാളിലെത്താന്‍ സാധ്യതയുണ്ടെന്ന് അധ്യാപകരുടെ മുന്നറിയിപ്പ്. വിവരം വിദ്യാഭ്യാസമന്ത്രിയെ സംഘടനകള്‍ അറിയിച്ചു.  

സംസ്ഥാനത്ത് 12000ത്തിലധികം വിദ്യാർത്ഥികളാണ് ഹയർ സെക്കണ്ടറി, എസ്എസ്എൽസി വിഭാഗങ്ങളിൽ  സ്കൂള്‍ മാറി പരിക്ഷയെഴുതാന്‍ തയാറെടുക്കുന്നത്. ഇതില്‍ 10000ത്തിനടുത്ത് ഹയര്‍ സെക്കന്‍ററി വിദ്യാർത്ഥികളാണ്. ഈ കുട്ടികളിലാരും പരീക്ഷാ സെന്‍ററിലുള്ള അധ്യാപകർക്ക് പരിചിതരല്ല. ഇവരെല്ലാം മാസ്ക് ധരിച്ച് വിദ്യാലയത്തിലെത്തുന്നതിനാൽ, ആള്‍മാറാട്ടം നടന്നാല്‍ പോലും കണ്ടെത്തുക പ്രയാസമെന്നാണ് അധ്യാപകര്‍ പറയുന്നത്.

ഇത്തരം കുട്ടികളെ തിരിച്ചറിയാനുള്ള മാർഗനിർദ്ദേശങ്ങള്‍ വിദ്യഭ്യാസവകുപ്പ് പുറപ്പെടുവിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ഇതുന്നയിച്ച് വിവിധ അധ്യാപക സംഘടനകള്‍ വിദ്യാഭ്യാസമന്ത്രിയെ സമീപിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ആള്‍മാറാട്ടം നടന്നാല്‍ അധ്യാപകര്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്.

click me!