കൊവിഡ് വ്യാപനം; സംസ്ഥാനത്തിന് കേന്ദ്രത്തിന്‍റെ താക്കീത്, വിദ്ഗധ സംഘം വീണ്ടും കേരളത്തിലേക്ക്

By Web TeamFirst Published Jul 28, 2021, 5:19 PM IST
Highlights

കൊവിഡ്  മൂന്നാം തരംഗത്തിന്‍റെ വക്കിലാണ് ചില സംസ്ഥാനങ്ങളെന്നാണ് കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയെത്തിയ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് പുറത്ത് വന്നപ്പോള്‍ 43, 654 ആയി. 

ദില്ലി: കൊവിഡ് വ്യാപനത്തില്‍ കേരളത്തെ വിമ‍ർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിന് അയച്ച കത്തിലാണ് വിമർശനം. ആളുകള്‍ കൂട്ടം കൂടുന്നിടങ്ങളില്‍ കൊവിഡ‍് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേരളം കർശനമായി ഉറപ്പാക്കണം. കേരളം കൂടുതല്‍ ജാഗ്രത പുലർത്തണമെന്നാണ് ജൂലൈ ആദ്യവാരം കേരളം സന്ദർശിച്ച കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രതിവാര കേസുകളും മരണ നിരക്കും കർശനമായി നിരീക്ഷിക്കണമെന്നും കത്തില്‍ ആരോഗ്യസെക്രട്ടറി പറഞ്ഞു. 

കൊവി‍ഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വീണ്ടും വിദഗ്ധ സംഘത്തെ അയക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യമന്ത്രാലയം. പകര്‍ച്ചവ്യാധി വിദ്ഗധര്‍ ഉള്‍പ്പടെയുള്ളവർ അടങ്ങുന്ന സംഘമാകും കേരളത്തിലെത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയ പ്രതിനിധികള്‍ കേരളത്തിലെയും മഹാരാഷ്ട്രയിലേയും ചീഫ് സെക്രട്ടറിമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയെത്തിയ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് പുറത്ത് വന്നപ്പോള്‍ 43, 654 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനത്തില്‍ നിന്ന് 2.51 ശതമാനത്തിലെത്തി. ഒടുവില്‍ പുറത്ത് വന്ന പ്രതിദിന കണക്കില്‍ 50 ശതമാനവും കേരളത്തില്‍ നിന്നാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!