
കൊച്ചി: ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേയ്ക്ക് വേണ്ട യോഗ്യതയിൽ ഭേദഗതി വരുത്തിയ നടപടി ചോദ്യം ചെയ്ത് സാങ്കേതിക സർവകലാശാല ഡീനും ഐഎച്ച്ആർഡിയിൽ അധ്യാപകനുമായ ഡോ. വിനു തോമസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാർ, ഐ എച്ച് ആർ ഡി, എഐസിടിഇ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ മകൻ വി എ അരുൺ കുമാറിനെ ഡയറക്ടറാക്കാനാണ് യോഗ്യതയിൽ മാറ്റം വരുത്തിയതെന്നാണ് ഹർജിയിലെ ആരോപണം.
ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയമായിരുന്ന നേരത്തെ ഉള്ള യോഗ്യത. എന്നാൽ അഡീഷണൽ ഡയറക്ടർ പദവിയിൽ ഏഴ് വർഷം പ്രവർത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. യോഗ്യത ഭേദഗതി ചെയ്യാൻ ഗവേണിംഗ് ബോഡിക്ക് പകരം എക്സിക്യൂട്ടീവ് കമ്മിറ്റി സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയത് ചട്ടവിരുദ്ധമെന്നും ഹർജിയിൽ പറയുന്നു. ഈ ശുപാർശ പ്രകാരം സർക്കാർ ഉത്തരവിറക്കി പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. അരുൺ കുമാറിനെ നിലവിലെ താൽക്കാലിക ഡയറക്ടറുടെ തസ്തികയിൽ നിന്നും മാറ്റി മുഴുവൻ സമയ ഡയറക്ടറെ നിയമിക്കണമെന്നും ഹർജിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam