രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന റിനി ആൻ ജോർജ്ജിന്റെ വാദം തെറ്റാണെന്ന് ആരോപിച്ച് ഫെന്നി നൈനാൻ. ഇത് തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും ഫെന്നി പുറത്തു വിട്ടു.
തിരുവനന്തപുരം: റിനി ആൻ ജോർജിനെതിരെ ആരോപണവുമായി ഫെന്നി നൈനാൻ. കഴിഞ്ഞ ദിവസം റിനി ആൻ ജോർജ്ജ് ഫേസ്ബുക്കിലൂടെ പറഞ്ഞതിനെതിരെ തെളിവ് നിരത്തിയാണ് ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ കേസിലെ അതിജീവിതയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് റിനി പറഞ്ഞിരുന്നു. എന്നാൽ, 2025 ആഗസ്റ്റ് 21 ആം തീയതി "call me tomorrow" എന്ന് മൂന്നാമത്തെ പരാതിക്കാരിയോട് പറഞ്ഞുവെന്നാണ് ഫെന്നിനൈനാൻ പറയുന്നത്. ഒപ്പം വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടും നൽകിയിട്ടുണ്ട്. റിനി എന്തിനാണ് അവരെ ബന്ധപ്പെട്ടിട്ടില്ല എന്ന കള്ളം പറയുന്നതെന്നതാണ് അറിയണമെന്നും ഫെന്നി. തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തെ കോടതികളിൽ വിശ്വാസമുള്ള ഞാൻ അവിടെ എല്ലാ തെളിവുകളും ഹാജരാക്കിക്കൊള്ളാമെന്നും ഫെന്നി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.
ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
കഴിഞ്ഞ ദിവസം റിനി ആൻ ജോർജ്ജ് ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ MLA യ്ക്കെതിരെ പരാതി കൊടുത്ത മൂന്നാമത്തെ ആളെ ഒരു രീതിയിലും , ഫോണിലൂടെയോ , സമൂഹമധ്യങ്ങളിലൂടെയോ അവർ ബന്ധപ്പെട്ടിട്ടില്ല എന്ന്.
എന്നാൽ റിനി ആൻ ജോർജ്ജ് 2025 ആഗസ്റ്റ് 21 ആം തീയതി "call me tomorrow" എന്ന് മൂന്നാമത്തെ പരാതിക്കാരിയോട് പറഞ്ഞതിൻ്റെ സ്ക്രീൻഷോട്ട് സഹിതം എന്നോട് മൂന്നാമത്തെ പരാതിക്കാരി പറഞ്ഞതിൻ്റെ തെളിവ് ഇതിനോടൊപ്പം ചേർക്കുന്നു.
ഇനി അറിയേണ്ടത് റിനി എന്തിനാണ് അവരെ ബന്ധപ്പെട്ടിട്ടില്ല എന്ന കള്ളം പറയുന്നത് ?
എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ ഞാൻ സ്വാഗതം ചെയുന്നു. രാജ്യത്തെ കോടതികളിൽ വിശ്വാസമുള്ള ഞാൻ അവിടെ എല്ലാ തെളിവുകളും ഹാജരാക്കിക്കൊള്ളാം.- ഫെനി നൈനാൻ
ജനുവരി 27 ന് ആയിരുന്നു റിനിയുടെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മൂന്നാമത്തെ പരാതി നൽകിയ യുവതിയുമായി വ്യക്തിപരമായി യാതൊരു പരിചയവുമില്ല. പരാതിക്കാരിയുമായി വ്യക്തിപരമായി ഒരു പരിചയവും ഇല്ല. ഇന്ന് ഈ നിമിഷം വരെ അവരുമായി ഞാൻ സംസാരിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ മറ്റൊരു വിധത്തിലും കോൺടാക്ട് ചെയ്യുകയോ ചെയ്തിട്ടില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ സംഭാഷണങ്ങളിൽ എന്റെ പേര് ഉപയോഗിച്ചിട്ടുണ്ടോ എന്നതിൽ എനിക്ക് വ്യക്തതയില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എനിക്ക് അതിൽ ഉത്തരവാദിത്വം ഇല്ലെന്നും റിനി വ്യക്തമാക്കിയിരുന്നു.


