
തിരുവനന്തപുരം: ടീകോമിനെ പണം നല്‍കി ഒഴിവാക്കി കൊച്ചി സ്മാർട്ട് സിറ്റി ഏറ്റെടുക്കാനുള്ള സര്‍ക്കാർ നീക്കം പാളി. കേരള സര്‍ക്കാരുമായുള്ള തര്‍ക്കം ഇന്‍റര്‍നാഷണൽ ആര്‍ബിട്രേഷന് വിടണമെന്നാവശ്യപ്പെട്ട് ടീകോം കേന്ദ്ര സർക്കാരിന് കത്ത് നല്‍കി. ടീകോമായുളള കരാർ പ്രകാരം കൊച്ചിയിലാണ് ആര്‍ബിട്രേഷൻ നടത്തേണ്ടത് എന്ന് ചൂണ്ടിക്കാട്ടി കേരളം ഇതിനെ എതിര്‍ത്തതോടെ ഈ മാസം 31 നകം ഏറ്റെടുക്കൽ പ്രകിയ പൂര്‍ത്തിയാക്കാനുള്ള നീക്കവും അനിശ്ചിതത്വത്തിലായി. ടീകോമിന്‍റെ ആവശ്യം തള്ളണമെന്ന നിലപാടിലാണ് കേരളം. തൊഴിൽ നല്‍കുന്നത് ഉൾപ്പെടെ കരാര്‍ വ്യവസ്ഥകൾ ലംഘിച്ചത് ദുബൈ ആസ്ഥാനമായ ടീകോം ആയിട്ടും ടീകോമിന് അങ്ങോട്ട് പണം നല്‍കി സ്മാര്‍ട്ട് സിറ്റി ഏറ്റെടുക്കാനുള്ള സര്‍ക്കാർ തീരുമാനം തുടക്കം മുതൽ വിവാദമായിരുന്നു. ഇതിനിടെയാണ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ടീകോം കേന്ദ്രത്തെ സമീപിക്കുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്‍മാറാൻ ടീകോം ഒരുക്കമാണെങ്കിലും ഇതിനായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന കാരണങ്ങളും വ്യവസ്ഥകളും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നിലപാട്. പദ്ധതി നടത്തിപ്പിൽ തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ടീകോം വാദം. സംസ്ഥാന സർക്കാറിന്‍റെ പിടിപ്പുകേട് കൊണ്ടാണ് പദ്ധതി പൊളിയാൻ കാരണമെന്നാണ് ടീകോമിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് ടീകോം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി കരാറുമായി ബന്ധപ്പെടുത്തി, തര്‍ക്കം അന്താരാഷ്ട്ര ട്രൈബ്യൂണലിന് വിടണമെന്നാണ് ആവശ്യം.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്തും നടപടി ആവശ്യപ്പെട്ടും കേന്ദ്ര നഗര കാര്യ മന്ത്രാലയത്തിന് ടീകോം കത്തും നല്‍കി. എന്നാൽ, ടീകോമിന്‍റെ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേരളം കേന്ദ്രത്തിന് നൽകിയ മറുപടി. കരാര്‍ പ്രകാരം ഇരു പാര്‍ട്ടികളും തമ്മിൽ തര്‍ക്കം ഉണ്ടായാൽ കൊച്ചിയിൽ ആര്‍ബിട്രേഷൻ നടത്തണമെന്നാണ് വ്യവസ്ഥ. ഇത് ടീകോം അംഗീകരിക്കാൻ തയ്യാറാകണം. ഇതോടൊപ്പം അന്തരാഷ്ട്ര തലത്തിലേക്ക് തര്‍ക്കം കൊണ്ടുപോയാൽ കേരളത്തിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്നും സംസ്ഥാന സർക്കാറിന് ആശങ്കയുമുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ ദില്ലിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഐടി ഡയറക്ടര്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതി, ആഗസ്റ്റ് 31നകം ഏറ്റെടുക്കൽ പൂര്‍ത്തിയാക്കുന്നതിനായുള്ള കര്‍മപദ്ധതി സമര്‍പ്പിച്ചിരുന്നു. ഈ സമയപരിധി തീരാൻ ദിവസങ്ങള് മാത്രം ബാക്കിയിരിക്കെയാണ് കടുത്ത പ്രതിസന്ധി.