കടത്തില്‍ മുങ്ങി അച്ഛന്‍, വീട്ടുകാരറിയാതെ ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കാണാനെത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി, ഒടുവിൽ!

By Web TeamFirst Published Sep 25, 2022, 4:18 PM IST
Highlights

ഇന്നലെ രാത്രി ഒൻപതരയോടെ ക്ലിഫ് ഹൗസിന് മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി  മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കഥ തുടങ്ങുന്നത്. 

തിരുവനന്തപുരം: വീട്ടുകാരറിയാതെ കോഴിക്കോട് നിന്നും മുഖ്യമന്ത്രിയെ കാണാനെത്തി അച്ഛൻറെ കടബാധ്യത പറഞ്ഞ പ്ലസ് വൺകാരനെ ആശ്വസിപ്പിച്ച് പിണറായി വിജയൻ. കുറ്റ്യാടി വേളം സ്വദേശിയായ ദേവാനന്ദനാണ് ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് അച്ഛനെ വിളിച്ച് വരുത്തിയ മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകി ദേവനന്ദനെ മടക്കി അയച്ചു. 

ഇന്നലെ രാത്രി ഒൻപതരയോടെ ക്ലിഫ് ഹൗസിന് മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി  മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കഥ തുടങ്ങുന്നത്. ഒന്നു ഞെട്ടിയ സുരക്ഷ ഉദ്യോഗസ്ഥർ വിവരം മ്യസിയം പൊലിസിനെ അറിയിച്ചു. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാർ കുട്ടിയെ കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അതോടെയാണ് ആവള ഹയർ സെക്കൻററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായ ദേവാനന്ദൻ നടത്തിയത് ഒരു സാഹസികയാത്രയാണെന്ന് പൊലീസിന് മനസിലായത്. 

ദേവനന്ദൻ്റെ അച്ഛൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്തിരുന്നു. വായ്പ മുടങ്ങിയതോടെ ഭീഷണിയും ശല്യവുമായി.  വീട്ടുകാരുടെ കണ്ണീർ‍ കണ്ട് മനസുനീറിയ വിദ്യാർത്ഥി ആരുമറിയാതെ ട്രെയിൻ കയറി തമ്പാനൂരിലെത്തുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സങ്കടം പറയുകയായിരുന്ന ലക്ഷ്യം. യാത്ര ചെന്ന് അവസാനിച്ചത് ക്ലിഫ് ഹൌസിലും. 

കോഴിക്കോട്ട് നിന്നും ഒരു വിദ്യാർത്ഥി സാഹസികമായി എത്തിയ കാര്യം പൊലീസുകാർ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിച്ചു. കുട്ടിയുടെ രക്ഷിതാക്കൾക്കും രാത്രി തന്നെ വിവരം കൈമാറി. ദേവാനന്ദൻ്റെ അച്ഛൻ രാജീവ് രാവിലെ തിരുവനന്തപുരത്ത് എത്തി. രണ്ടുപേർക്കും ഭക്ഷണവും സൗകര്യങ്ങളും പൊലീസ് ഒരുക്കി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മുഖ്യമന്ത്രി കുട്ടിയെയും അച്ഛനെയും സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് വിളിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഒടുവിൽ  കടം തീർക്കാൻ ഇടപെടാമെന്ന് ദേവാനന്ദന് മുഖ്യമന്ത്രിയുടെ  ഉറപ്പ്. ഇനി വീട്ടുകാർ അറിയാതെ വീട് വിട്ടു പോകരുതെന്ന് ഉപദേശവും. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയോടെയാണ് ദേവാനന്ദൻ സെക്രട്ടേറിയറ്റിൽ നിന്നും മടങ്ങിയത്. ദേവാനന്ദനേയും അച്ഛനേയും പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തിച്ചു.

click me!