
തെലങ്കാന: തെലങ്കാനയിലെ കരീംനഗർ ജില്ലയിൽ ദാമ്പത്യ തർക്കത്തെ തുടർന്ന് മാതാപിതാക്കൾ സ്വന്തം പെൺമക്കളെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ചു. രവി കുമാറും ഭാര്യ ലളിതയുമാണ് കുട്ടികളെ സ്റ്റേഷനിൽ ഉപേക്ഷിച്ചത്. ഇരുവരും തമ്മിലുണ്ടായ കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തിയത്. പത്ത് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവർക്കിടയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കരീംനഗറിലെ എൽഎംഡി പൊലീസ് സ്റ്റേഷനിൽ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട കൗൺസിലിംഗ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
ഇന്നലെ നടന്ന കൗൺസിലിംഗിനിടെ തർക്കം രൂക്ഷമായപ്പോൾ, ലളിത തന്റെ താലിയും കാൽവിരലിലെ മോതിരങ്ങളും എടുത്ത് മേശപ്പുറത്ത് വെച്ച് ഇനി ഭർത്താവിനോടോ കുട്ടികളോടോ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി. പിന്നാലെ ഭർത്താവ് രവി കുമാറും അവിടെ നിന്ന് പുറത്തേക്ക് പോയി. ഇരുവരും കുട്ടികളെ സ്റ്റേഷനിൽ നിർത്തിയാണ് മടങ്ങിയത്.
തുടർന്ന് ഭയന്ന് കരഞ്ഞ കുട്ടികളെ പൊലീസ് ആശ്വസിപ്പിച്ചു. ഇരുവരെയും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കുട്ടികളുടെ മുത്തശ്ശിയെ ബന്ധപ്പെട്ട് പൊലീസ് കുട്ടികളെ അവരുടെ സംരക്ഷണത്തിൽ ഏൽപ്പിച്ചു. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam