കിറ്റെക്സിനെ ക്ഷണിച്ച് തെലുങ്കാന സര്‍ക്കാരും; വ്യവസായമന്ത്രി രാമറാവു കത്തയച്ചു, അനുനയ നീക്കവുമായി സംസ്ഥാനം

By Web TeamFirst Published Jul 3, 2021, 5:49 PM IST
Highlights

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കിറ്റെക്സിന് ക്ഷണം ലഭിച്ചതിന് പിന്നാലെ വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

തിരുവനന്തപുരം: കേരളവുമായുള്ള 3500 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ച കിറ്റെക്സിന് തെലുങ്കാന സര്‍ക്കാരിന്‍റെ ക്ഷണം. കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബിന് തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു സന്ദേശം കൈമാറി. കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് ആറ് സംസ്ഥാനങ്ങളാണ് എത്തിയിരിക്കുന്നത്. ഇതോടെ കിറ്റെക്സ് വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജറുടെ നേതൃത്വത്തില്‍ എംഡി സാബു എം ജേക്കബുമായി ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറോളം ചർച്ച നടത്തി. പരാതികൾ കേട്ട ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും. സ്വകാര്യ സ്ഥാപനങ്ങളിൽ തെറ്റായ രീതിയിൽ സർക്കാർ ഇടപെടലുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

എന്നാൽ തർക്കങ്ങൾ പരിഹരിക്കുമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും നോട്ടീസ് നൽകി ദ്രോഹിക്കുകയാണെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് കുറ്റപ്പെടുത്തി. മനപ്പൂർവം ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരുടെ തെറ്റുകൾ തെളിയിക്കാം. നടപടിയെടുക്കാൻ സർക്കാർ തയ്യാറകണം. അല്ലെങ്കിൽ തുടർ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് സാബു ജേക്കബ് വ്യക്തമാക്കി. കിറ്റെക്സ് മാനേജ്മെന്‍റും സംസ്ഥാന സർക്കാരും ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി പറഞ്ഞു.

 

click me!