ബിജെപി വിട്ടതിലെ വിരോധം, ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളില്‍ നിന്ന് വിലക്കി, പരാതിയുമായി യുവാവ്

By Web TeamFirst Published Dec 5, 2021, 11:09 AM IST
Highlights

രണ്ടുവർഷം മുന്‍പാണ് പുതിയാപ്പ സ്വദേശിയും വഴിയോര കച്ചവടക്കാരനുമായിരുന്ന ഷിഞ്ചുദേവദാസും സഹോദരന്മ‍ാരുമടങ്ങുന്ന കുടുംബം ബിജെപി വിട്ട് സിപിഎമ്മിനോടൊപ്പം ചേര്‍ന്നത്. നിലവില്‍ സിഐടിയു മത്സ്യതൊഴിലാളി ഫെഡറേഷന്‍ യൂണിറ്റ് സെക്രട്ടറിയാണ്. 

കോഴിക്കോട്: ബിജെപി (bjp) വിട്ട് സിപിഎമ്മില്‍ (cpm) ചേര്‍ന്ന വഴിയോരകച്ചവടക്കാരനെ ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളില്‍നിന്ന് ക്ഷേത്രകമ്മറ്റി വിലക്കിയെന്ന് പരാതി. കോഴിക്കോട്  വെള്ളയില്‍ സ്വദേശി ഷിഞ്ചു ദേവദാസിന്‍റെ കെട്ടുനിറ ചടങ്ങുകള്‍ക്കാണ് ക്ഷേത്രകമ്മറ്റി അനുമതി നിഷേധിച്ചത്. കമ്മറ്റിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഷിഞ്ചു. എന്നാല്‍ ക്ഷേത്ര കമ്മറ്റിക്കെതിരെ കളളപരാതി നല്‍കിയതുകൊണ്ടാണ് അനുമതി നല്‍കാത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

രണ്ടുവർഷം മുന്‍പാണ് പുതിയാപ്പ സ്വദേശിയും വഴിയോര കച്ചവടക്കാരനുമായിരുന്ന ഷിഞ്ചു ദേവദാസും സഹോദരന്മ‍ാരുമടങ്ങുന്ന കുടുംബം ബിജെപി വിട്ട് സിപിഎമ്മിനോടൊപ്പം ചേര്‍ന്നത്. നിലവില്‍ സിഐടിയു മത്സ്യതൊഴിലാളി ഫെഡറേഷന്‍ യൂണിറ്റ് സെക്രട്ടറിയാണ്. ശബരിമലയില്‍ പോകാനായി ഷിഞ്ചു സമീപത്തെ ക്ഷേത്രത്തില്‍ നിന്നാണ് മാലയിട്ടത്. തുടർന്ന് കെട്ടുനിറയ്ക്ക് ബുക്ക് ചെയ്യാനായി ചെന്നപ്പോഴാണ് ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് ക്ഷേത്ര ജീവനക്കാർ അറിയിച്ചത്. ബിജെപി വിട്ടതിലുള്ള വിരോധം വർഷങ്ങളായി തുടരുകയാണെന്നും പലപ്പോഴും വധഭീഷണിയടക്കം ഉണ്ടായിട്ടുണ്ടെന്നും ഷിഞ്ചു പറയുന്നു. 

എന്നാല്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ വെളളയില്‍ പൊലീസില്‍ ഷിഞ്ചു കളളപ്പരാതി നല്‍കിയെന്നും ഇത് പിന്‍വലിക്കാതെ ചടങ്ങില്‍ പങ്കെടുപ്പിക്കാനാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലല്ല ഈ തീരുമാനമെന്നും ഇവര്‍ വിശദീകരിച്ചു. അടുത്ത ദിവസം മറ്റൊരു ക്ഷേത്രത്തില്‍നിന്നും കെട്ടുനിറച്ച് ശബരിമലയ്ക്ക് പോകാനാണ് ഷിഞ്ചുവിന്‍റെ തീരുമാനം. വിവേചനത്തിനെതിരെ സിറ്റിപോലീസ് കമ്മീഷണ‌‍ർക്ക് പരാതിയും നല്‍കും. 
 

tags
click me!