ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെ സോണിയാ ഗാന്ധിയെ കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. കോൺഗ്രസ് എംപി അടൂർ പ്രകാശിന് ഇതിൽ പങ്കുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺ​ഗ്രസ് നേതാവ് സോണിയാ ​ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാ​ദത്തിൽ കോൺ​ഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പോറ്റി ആദ്യം കയറിയത് എവിടെയാണ്. സോണിയ ​ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ല എന്ന് അടൂർ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കൽ എത്താൻ കഴിയുന്നതെന്നും ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. ഈ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അടൂര്‍ പ്രകാശിന്‍റെ ആരോപണം മുഖ്യമന്ത്രി തള്ളി. 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാ​ഗമായിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്? ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ട്. അന്വേഷണത്തിൽ പരാതികൾ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് ഞങ്ങൾ മുന്നോട്ടുവെച്ച നിർദേശമാണ്. ചില കാര്യങ്ങൾ വരുമ്പോൾ മറ്റ് മറുപടി പറയാൻ ഇല്ലാതെ വരുമ്പോൾ 'എന്നാൽ പിന്നെ ഇരിക്കട്ടെ ' എന്ന രീതിയിൽ ഉള്ള പ്രതികരണമാണ്. എ പദ്മകുമാറിനെതിരെ നടപടി എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഇരുന്ന് ഞാൻ മറുപടി പറയേണ്ട വിഷയമല്ല എന്നായിരുന്നു പ്രതികരണം.