മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം വാക്സിനേഷൻ പൂർവ്വസ്ഥിതിയിലേക്ക്; ഉള്ളത് നാല് ദിവസത്തേക്കുള്ള വാക്സീൻ

By Web TeamFirst Published Jul 29, 2021, 6:49 AM IST
Highlights

9,72,590 ഡോസ് വാക്‌സീനാണ് ഇന്നലെ സംസ്ഥാനത്തെത്തിയത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്‌സിനുമാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്.

തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷൻ ഇന്ന് വീണ്ടും പൂർവ്വ സ്ഥിതിയിലാകും. ഇന്നലെ 9 ലക്ഷത്തിലധികം ഡോസ് എത്തിയിരുന്നു. നാല് ദിവസത്തേക്ക് ആവശ്യമായ വാക്സീനാണ് എത്തിയിരിക്കുന്നത്. 

9,72,590 ഡോസ് വാക്‌സീനാണ് ഇന്നലെ സംസ്ഥാനത്തെത്തിയത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്‌സിനുമാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്. ലഭ്യമായ വാക്‌സിന്‍ എത്രയും വേഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേർക്ക് വാക്‌സീന്‍ നല്‍കിയെന്നാണ് സർക്കാർ കണക്ക്. അതില്‍ 57,16,248 പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും കിട്ടി. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

അതേസമയം കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. രാജ്യത്ത് ഇന്നലെയുണ്ടായതിന്റെ പകുതിയോളം കേസുകളും കേരളത്തിൽ നിന്നാണ്. രാജ്യത്താകെ ഇന്നലെ 43,000 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ മാത്രം 22,056 കേസുകളാണുണ്ടായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!