മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി, വസ്ത്രം വിചാരണ വേളയിൽ തിരിച്ചറിഞ്ഞു

Published : Aug 08, 2026, 01:29 AM IST
k m basheer, sriram

Synopsis

അപകട സമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണ വേളയിൽ സാക്ഷി തിരിച്ചറിഞ്ഞു. അപകട സമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പത്താം സാക്ഷിയായ ശ്രീജിത്ത് എസ് മൊഴി നൽകി.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ സാക്ഷിമൊഴി. അപകട സമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണ വേളയിൽ സാക്ഷി തിരിച്ചറിഞ്ഞു. അപകട സമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പത്താം സാക്ഷിയായ ശ്രീജിത്ത് എസ് മൊഴി നൽകി. അപകടത്തിനിടയാക്കിയ വാഹനത്തിന്‍റെ ഉടമ വഫയാണ്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടടുത്താണ് സംഭവം നടന്നതെന്നും സാക്ഷി മൊഴി നല്‍കി.

കഴിഞ്ഞ ദിവസം കേസിലെ ആറാം സാക്ഷി കൂറുമാറിയിരുന്നു. വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നു എന്ന മൊഴിയാണ് മാറ്റിയത്. അതിനിടെ വിചാരണ കോടതി മാറ്റിയത് ചോദ്യം ചെയ്ത് കെ എം ബഷീറിന്‍റെ ഭാര്യ ജസീല ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വിചാരണ നടക്കേണ്ട തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്‍റെ ആവശ്യ പ്രകാരമാണ്. ഇത് നീതി നിഷേധമാണെന്നും നിയമപരമല്ലെന്നുമാണ് പരാതി. നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവ്വമാകില്ലെന്നും ഹ‍ർജിയിൽ പറയുന്നു. ഇതോടൊപ്പം പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു. നിലവിലെ പ്രോസിക്യൂട്ടർക്ക് കേസ് നടത്തിപ്പിൽ പരിചയമില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്.

സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്നു കെ എം ബഷീർ. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗത്തിലെത്തിയ വാഹനം കെ എം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാന്‍ വൈകിയത് ഉൾപ്പെടെയുള്ള പൊലീസിന്‍റെ വീഴ്ചകൾ വലിയ വിവാദമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല, തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റം; വീണ്ടും പോസ്റ്റുമായി അർജുൻ ആയങ്കി
മലപ്പുറം സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി എന്‍ഐഎ അറസ്റ്റിൽ