പെരിയാറിൽ മൃതദേഹം കണ്ടെന്ന് തൊഴിലാളികൾ; മൂന്ന് മണിക്കൂറോളം സാഹസിക തെരച്ചിൽ, ഒടുവിൽ കണ്ടെടുത്തത്

By Web TeamFirst Published Aug 29, 2020, 7:25 AM IST
Highlights

മൃതദേഹം കരക്കടുപ്പിക്കാൻ പെരിയാറില്‍ ഇറങ്ങുന്നവർക്ക് ധരിക്കാനുള്ള പിപിഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസെത്തിയത്. 

കൊച്ചി: മൃതദേഹാവശിഷ്ടം കണ്ടെന്ന വാര്‍ത്ത പരന്നതോടെ ഇന്നലെ പെരിയാറിൽ നടന്നത് മൂന്നു മണിക്കൂർ നീണ്ട സാഹസിക തെരച്ചിൽ. പുലർച്ചെ മീൻ പിടുത്തം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളാണ് അങ്കമാലി ചെങ്ങമനാട്-ഭാഗത്ത് പെരിയാറിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി ആദ്യം സംശയം ഉന്നയിച്ചത്. പ്രളയത്തില്‍ അടിഞ്ഞ്കൂടിയ ഇല്ലിപ്പടര്‍പ്പിനിടയിലായിരുന്നു ഇത്. ഇവർ വിവരം പാലപ്രശ്ശേരി കമ്പനിക്കടവ് ഭാഗത്തുള്ള നാട്ടുകാരെ അറിയിച്ചു. 

വാർത്ത പടർന്നതോടെ പൊലീസും സ്ഥലത്തെത്തി. മൃതദേഹം കരക്കടുപ്പിക്കാൻ പെരിയാറില്‍ ഇറങ്ങുന്നവർക്ക് ധരിക്കാനുള്ള പിപിഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസെത്തിയത്. ഒപ്പം ആലങ്ങാട് പൊലീസ് ഫൈബര്‍ ബോട്ടിലും സ്ഥലത്തത്തി. മുങ്ങൽ വിദഗ്ദ്ധനായ അടുവാശ്ശേരി സെയ്ദ്മുഹമ്മദിൻറെ നേതൃത്വത്തിൽ നാലംഗ സഘം 'മൃതദേഹാവശിഷ്ടം' കരക്കടുപ്പിക്കാൻ ശ്രമം തുടങ്ങി. 

പക്ഷേ രണ്ടര മണിക്കൂർ പണിപ്പെട്ടിട്ടും പുറത്തെടുക്കാനായില്ല. ഒടുവില്‍ ഇല്ലിപ്പടര്‍പ്പിൻറെ അടിയിൽ മുങ്ങിയെത്തി പരിശോധിച്ചു. ഇതോടെയാണ് മൃതദേഹത്തിന്‍റെ 'യഥാര്‍ത്ഥമുഖം' പുറത്തുവന്നത്. വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും പുറംതള്ളിയ പ്രതിമയുടെ അവശിഷ്ടമായിരുന്നു ഇല്ലിപ്പടര്‍പ്പിനിടയിൽ കുടുങ്ങിക്കിടന്നത്. പഞ്ഞികൊണ്ടുണ്ടാക്കിയ തലഭാഗം വെള്ളത്തില്‍ കുതിര്‍ന്നു പോയി. ബാക്കിയുള്ളതിൽ കുറച്ചു ഭാഗം അടിയൊഴുക്കില്‍പ്പെട്ട് പോകുകയും ചെയ്തു. മൂന്നു മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം അല്ലെന്നറിഞ്ഞതോടെയാണ് ജനങ്ങളുടെ ഭീതി അകന്നത്.

click me!