
കോഴിക്കോട്: ടോം ജോസഫിന്‍റേയും അന്നമ്മയുടേയും പേരിലുള്ള സ്വത്തുകള്‍ ജോളിയുടെ പേരിലേക്ക് മാറ്റി കൊണ്ടുള്ള വ്യാജവില്‍പത്രം തയ്യാറാക്കിയ വനിതാ തഹസില്‍ദാര്‍ കുരുക്കില്‍. ജോളിയുടെ പേരിലുള്ളത് വ്യാജവില്‍പത്രമാണെന്ന് തഹസില്‍ദാര്‍ക്ക് അറിയാമായിരുന്നുവെന്ന് ജോളിയുടെ അടുത്ത സുഹൃത്തായ ബിഎസ്എൻഎല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ വ്യക്തമാക്കി.
പോലീസ് അന്വേഷണം ആരംഭിച്ച ശേഷമുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടത് ജോണ്‍സണിനെയാണെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ പൊലീസിന് മനസിലായിരുന്നു. തുടര്‍ന്ന് ഇയാളോട് കൂടത്തായി വിട്ടു പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജോളിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ജോണ്‍സണ് അറിയാമായിരുന്നുവെന്നും വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജോളിക്കും തഹസില്‍ദാര്‍ ജയശ്രീക്കും ഒപ്പം ജോണ്‍സണും ഇടപെട്ടെന്നാണ് കരുതുന്നത്.
അതേസമയം ജോളിയെ അറിയാം എന്നല്ലാതെ അവരുമായി തനിക്ക് പണമിടപാടുകള്‍ ഒന്നുമില്ലെന്ന് ജോണ്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ അവരുടെ സ്വര്‍ണം പലപ്പോഴായി പണയം വയ്ക്കാനായി വാങ്ങിയിട്ടുണ്ട്. തങ്ങള്‍ അടുത്ത സുഹൃത്തുക്കാളായിരുന്നുവെന്നും എന്നാല്‍ വ്യാജവില്‍പത്രം ഉണ്ടാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.
വ്യാജവിൽപത്രത്തെക്കുറിച്ചുള്ള പരാതി റോയിയുടെ റോജോ പോലിസിന് നൽകിയപ്പോൾ എങ്ങനെ ഇടപെടാനാകുമെന്ന് തന്നോട് ജയശ്രി ചോദിച്ചിരുന്നു. ജയശ്രീ ഇങ്ങനെ ചോദിക്കുമ്പോഴാണ് വിൽപത്രം വ്യാജമാണെന്ന് തനിക്ക് മനസിലായത്. ഇതേക്കുറിച്ച് ജോളിയോട് ചോദിച്ചപ്പോള്‍ വില്‍പത്രമുണ്ടാക്കിയത് താനല്ല റോയിയാണ് എന്നാണ് പറഞ്ഞത്.
താനും ജയശ്രീയും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്‍റെ രേഖകള്‍ തന്‍റെ കൈയിലുണ്ടെന്നും ഈ ഓഡിയോ രേഖ താന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും ജോണ്‍സണ്‍ പറയുന്നു. ജോളിയുമായി അടുത്ത സൗഹൃദവും സാമ്പത്തിക ഇടപാടുകളും തനിക്കുണ്ടെന്ന് ജോണ്‍സണ്‍ വ്യക്തമാക്കി എന്നാല്‍ അതിനപ്പുറം കൂടതല്‍ കാര്യങ്ങള്‍ തനിക്കറിയില്ല എന്നാണ് ജോണ്‍സണിന്‍റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam