
തൃശ്ശൂർ: പാവറട്ടിയില്‍ കഞ്ചാവുമായി പിടികൂടിയ പ്രതി രഞ്ജിത്ത് എക്സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, എംജി അനൂപ് കുമാർ, എക്‌സൈസ് ഓഫീസർ നിധിൻ എം മാധവ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അന്വേഷണവിധേയമായി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. അഡീഷണൽ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവരെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ വി എം സ്മിബിൻ, എം ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവർ വി ബി ശ്രീജിത്ത് എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ ഒളിവിലാണ്.
കേസിൽ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ എസിപി ബിജുഭാസ്കറിന്റെ മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും എട്ട് ഉദ്യോഗസ്ഥരും പ്രതികരിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നില്ല. ഇതിനെത്തുടർന്ന് എട്ട് ഉദ്യോഗസ്ഥരുടെയും വീടുകളിൽ പൊലീസ് നോട്ടീസ് പതിച്ചിരുന്നു. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നതെങ്കിലും ഉദ്യോഗസ്ഥരെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. എട്ട് പേരെയും ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരണമെന്നും ലഭിച്ചില്ല. ഇതിനെ തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ കടക്കുകയായിരുന്നു.
തിരൂരിൽ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന തരത്തിൽ നേരത്തെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഗുരുവായൂരിൽ വച്ച് തന്നെയാണ് എക്സൈസ് ഉദ്യോഗസ്ഥർ രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്തതിന് ശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവന്ന പാവറട്ടി കൂമ്പുള്ളി പാലത്തിനടുത്തുള്ള ഗോഡൗണിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കേസില്‍ എക്സൈസ് ഓഫീസർമാരുടെയും, ഉയർന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സാക്ഷികളെയും കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്, എങ്ങനെയാണ് അവർ ഗുരുവായൂരിൽ എത്തിയത്, തിരൂരിൽ പോകാനുള്ള സാഹചര്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരുകയാണ്.
Read More:പാവറട്ടി കസ്റ്റഡി മരണം: എട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
ഒക്ടോബര്‍ ഒന്നിനാണ്, കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത്ത് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, രഞ്ജിത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് മുൻ ഭാര്യയും ബന്ധുക്കളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. രഞ്ജിത്ത് വാഹനത്തിൽവെച്ച് അപസ്മാര ലക്ഷണം കാണിച്ചപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെന്നും പിന്നീട് മരണം സംഭവിച്ചെന്നുമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് മുൻഭാര്യയും ബന്ധുക്കളും പറയുന്നത്. രഞ്ജിത്തിന് മുൻപൊരിക്കലും അപസ്മാരം ഉണ്ടായിട്ടില്ലെന്നും ഇവർ പറഞ്ഞിരുന്നു.
Read More:തൃശ്ശൂരില്‍ കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam