കാസർകോട്: കേരള-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം തുടരുന്നു. കാസർകോട് അതിർത്തിമേഖലയിൽ നിന്നും അടിയന്തര ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകുന്നവരെ പ്രവേശിപ്പിക്കാം എന്ന് കർണാടക സർക്കാർ ഇന്നലെ അറിയിച്ചെങ്കിലും ഇപ്പോഴും തലപ്പാടി ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടയുന്നുണ്ട്.
ഇരുസംസ്ഥാനങ്ങളിലേയും മെഡിക്കൽ ടീമുകളെ ചെക്ക് പോസ്റ്റിൽ നിയമിച്ച് കടന്നു പോകുന്നവരെ പരിശോധിക്കാൻ ധാരണയായിരുന്നുവെങ്കിലും മെഡിക്കൽ സംഘം ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ആരോഗ്യപ്രവർത്തകരേയും ആശുപത്രി ജീവനക്കാരേയും അതിർത്തി കടക്കാൻ പൊലീസ് അനുവദിക്കുന്നില്ല.
അതിനിടെ അതിര്‍ത്തി പ്രശ്നത്തിൽ കേരളം നൽകിയ സത്യവാംങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹര്‍ജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിൽ സംസാരിച്ചിരുന്നു.
ഇതേതുടര്ന്ന് രോഗികളുമായി പോകുന്ന വാഹനങ്ങൾ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവാടാം എന്ന ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഇതോടെ കേസ് ഇന്ന് തീര്‍പ്പാകാനാണ് സാധ്യത. അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉൾപ്പടെയുള്ളവര്‍ നൽകിയ ഹര്‍ജികൾ കൂടി ഇന്ന് കോടതിക്ക് മുമ്പാകെ എത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam