
കോഴിക്കോട് : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപത. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമർശിച്ചു. എ.കെ.ജി. സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത് എന്നും അതിരൂപത ചോദിച്ചു.
ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളെ ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി ശക്തമായി എതിർത്തിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കി. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടിൽ മാറ്റമില്ല. സി പി. എം. സംസ്ഥാന സെക്രട്ടറിയുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ അപലപനീയമാണ്.
നേരത്തെ, ഡി. വൈ. എഫ്. ഐ.യുടെ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതാണ്. എന്നാൽ, എം.വി. ഗോവിന്ദൻ ഇതിന് കുടപിടിക്കുന്നത് അപലപനീയമാണെന്നും അതിരൂപത കുറ്റപ്പെടുത്തി. അവസരവാദം ആപ്തമാക്കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറിയാണെന്നും, സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്ന നിലപാടാണ് ഗോവിന്ദൻ സ്വീകരിച്ചിട്ടുള്ളതെന്നും അതിരൂപത അഭിപ്രായപ്പെട്ടു. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോൽ ആക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചപ്പോൾ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കേന്ദ്രത്തിന് നന്ദിയറിയിച്ചതാണ് ഗോവിന്ദന്റെ വിമർശനങ്ങൾക്ക് കാരണം. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍റെ വിമര്‍ശനം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതി പാടി. അച്ഛന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഇടക്കിടക്ക് വരുന്ന മനം മാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാൻ പോകുന്നില്ലെന്നും ഗോവിന്ദൻ വിമർശിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam