
കണ്ണൂര്‍: തലശ്ശേരിയില്‍ ദമ്പതികള്‍ക്കെതിരെയുണ്ടായ പൊലീസ് സദാചാര ആക്രമണത്തില്‍ വിചിത്രവാദവുമായി എസ്ഐ. പൊലീസിനെതിരെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡെന്നാണ് തലശ്ശേരി എസ്ഐ മനുവിന്‍റെ പ്രതികരണം.
മയക്കുമരുന്ന് സംഘം വരുന്ന സ്ഥലമായതിനാലാണ് കടല്‍പ്പാലത്തില്‍ നിന്ന് പോകണം എന്ന് പറഞ്ഞത്. പേരും മേല്‍വിലാസവും കൈമാറാന്‍ ദമ്പതികള്‍ തയ്യാറായില്ല.ഇവർ വന്നത് മോഷ്ടിച്ച വാഹനത്തിലായിരുന്നോ എന്ന് പരിശോധിക്കണമായിരുന്നു. ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ പരിക്ക് പറ്റിയിട്ടുണ്ടാകും. പ്രത്യുഷ് ഹെല്‍മറ്റ് കൊണ്ട് പൊലീസിനെ ആക്രമിച്ചു. ആക്രമിക്കുമ്പോൾ ഭാര്യ മേഘ നിരുത്സാഹപ്പെടുത്തിയില്ല എന്നും എസ്ഐ പ്രതികരിച്ചു. തന്നെ പിടിച്ചുവച്ചതിനാണ് മേഘയ്ക്കെതിരെ കേസ് എടുത്തതെന്നും എസ്ഐ പറഞ്ഞു.
അതേസമയം, തലശ്ശേരിയിൽ കടൽപ്പാലം കാണാനെത്തിയ ദമ്പതിമാരെ സദാചാര ആക്രമണം നടത്തിയെന്ന തലശ്ശേരി പൊലീസിനെതിരായ പരാതിയിൽ നടപടി വൈകുകയാണ്. തലശ്ശേരി സിഐക്കും എസ്ഐക്കും എതിരെ അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണം ഇതുവരെ പൂർത്തിയായില്ല. പൊലീസിനോട് ചോദ്യങ്ങൾ ചോദിച്ചതിന് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും സിസിടിവി ഇല്ലാത്ത സ്ഥലത്തേക്ക് നിർത്തി മർദ്ദിക്കുകയുമായിരുന്നു എന്നുമാണ് പ്രത്യുഷിന്റെ പരാതി. പ്രത്യുഷിന് പരിക്കേറ്റു എന്നതിന് മെഡിക്കൽ തെളിവുണ്ട്. ഈ മാസം അഞ്ചാം തിയ്യതി രാത്രി പതിനൊന്ന് മണിക്ക് തലശ്ശേരി കടൽപ്പാലം കാണാനെത്തിയ സമയത്താണ് ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യുഷിന് ഇന്നലെ ജാമ്യം കിട്ടിയിരുന്നു.
Read Also; സ്റ്റേഷനിലെ സിസിടിവിയില്ലാത്തിടത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചു, അസഭ്യവർഷം; പൊലീസിനെതിരെ പ്രത്യുഷ്