
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരികെ തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തങ്കമണി ദിവാകരനായിരുന്നു. എഐസിസി അംഗമായ തങ്കമണി മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്.
ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് വിമര്‍ശിച്ചാണ് അവര്‍ പാര്‍ട്ടി വിടുന്നതെന്ന് പ്രതികരിച്ചു. 27 വയസ്സ് മുതൽ താൻ കോൺഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. എന്നാൽ പാര്‍ട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിട്ടു. സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നത്. സ്ത്രീകൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
എന്നാൽ പാര്‍ട്ടി പ്രവര്‍ത്തനത്തിൽ നിന്ന് മാറി നിൽക്കുകയാണ് തങ്കമണി ദിവാകരനെന്നാണ് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി രാജീവ് ചന്ദ്രശേഖര്‍ എത്തിയ ശേഷം നിരവധി കോൺഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നത്.
സംസ്ഥാനത്ത് ഉമ്മൻചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ 2011 ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും തങ്കമണി ദിവാകരൻ പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ 33943 വോട്ടാണ് അവര്‍ക്ക് നേടാനായത്. സിപിഎം സ്ഥാനാര്‍ത്ഥി ബി സത്യനോടാണ് തങ്കമണി ദിവാകരൻ പരാജയപ്പെട്ടത്. ആകെ പോൾ ചെയ്ത 1.14 ലക്ഷം വോട്ടിൽ 63558 വോട്ട് ബി സത്യന് ലഭിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam