
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ നേതൃത്വത്തിൽ നിന്ന് ഐക്യം ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് താരീഖ് അൻവർ. ഐക്യ പ്രധാനമാണെന്ന് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടേയെന്ന കാര്യം കെ മുരളീധരൻ തന്നെ തീരുമാനിക്കട്ടെ. വൈക്കത്തെ പരിപാടിയിൽ സമയക്കുറവ് കൊണ്ടാണ് എല്ലാവർക്കും സംസാരിക്കാൻ അവസരം കിട്ടാതിരുന്നത്. മുരളിക്കൊപ്പം താനുണ്ടായിരുന്നുവെന്നും പരാതി തന്നോട് പറയാമായിരുന്നുവെന്നും താരീഖ് അൻവർ പറഞ്ഞു.
കെപിസിസിയുടെ വൈക്കം സത്യഗ്രഹ വേദിയിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനെതിരെ കെ മുരളീധരൻ രംഗത്ത് വന്നതാണ് പാർട്ടിക്കകത്ത് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. തന്നെ മനപ്പൂർവം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനമെന്നും മുരളീധരൻ തുറന്നടിച്ചു. സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കൾക്കും പ്രസംഗിക്കാൻ അവസരം ലഭിക്കാതിരുന്നതെന്നാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം.
തുടർച്ചയായി കെപിസിസി നേതൃത്വം അപമാനിക്കുന്നു എന്ന പരാതിയാണ് കെ മുരളീധരന്. എഐസിസി പ്രസിഡൻറ് പങ്കെടുത്ത വേദിയിൽ മുൻ കെപിസിസി പ്രസിഡണ്ടുമാരായ എംഎം ഹസനും രമേശ് ചെന്നിത്തലയ്ക്കും പ്രസംഗിക്കാൻ അവസരം നൽകി. എന്നിട്ടും തന്നെ ഒഴിവാക്കിയത് ബോധപൂർവമെന്ന് മുരളി പറയുന്നു. വീക്ഷണം പത്രം പുറത്തിറക്കിയ സപ്ലിമെന്റിൽ തന്റെ പേര് ഒഴിവാക്കപ്പെട്ടതും മുരളി ചൂണ്ടിക്കാട്ടി.
മുരളി അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന വികാരത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം . സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ. സി.വേണുഗോപാലാകട്ടെ കേരളത്തിലെ പ്രശ്നങ്ങൾ ഇവിടെ തീർക്കട്ടെ എന്ന നിലപാടിലുമാണ്. സമയ പരിമിതി കാരണമാണ് പ്രാസംഗികരുടെ എണ്ണം നിജപ്പെടുത്തിയത് എന്നാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം. മുരളിയ്ക്കും തരൂരിനും മാത്രമല്ല പ്രമുഖരായ മറ്റ് അനവധി നേതാക്കൾക്ക് പ്രസംഗിക്കാൻ കഴിഞ്ഞില്ല എന്ന കാര്യവും സംഘാടകർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam