
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആയുധമാക്കിയും അട്ടിമറിച്ചും തനിക്കെതിരായ ഔദ്യോഗിക നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ ശശി തരൂര്‍. തന്‍റെ മുന്നേറ്റത്തിന് തടയിടാനാകാം തെരഞ്ഞെടുപ്പ് അതോററ്റി മാര്‍ഗനിര്‍ദ്ദേശങ്ങളെന്ന് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെയെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ല. ഖാര്‍ഗെക്കും, തരൂരിനും പരസ്യമായി പിന്തുണ അറിയിക്കരുത്, പക്ഷം ചേരണമെങ്കില്‍ പദവികള്‍ രാജി വയ്ക്കണം.... ഇങ്ങനെ പോകുന്നു തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി എഐസിസി ഭാരവാഹികള്‍ മുതല്‍ വക്താക്കള്‍ വരെയുള്ളവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍.
എ കെ ആന്‍റണി നാമനിര്‍ദ്ദേശം ചെയ്ത , ദീപേന്ദര്‍ ഹൂഡ , ഗൗരവ് വല്ലഭ് തുടങ്ങിയ ദേശീയ നേതാക്കള്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മല്ലികാര്‍ജ്ജുജ്ജന്‍ ഖാര്‍ഗെ തന്നെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന കൃത്യമായ സന്ദേശം നല്‍കിയ ശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശം മധുസൂദനന്‍ മിസ്ത്രിയിലൂടെ ഹൈക്കാമന്‍ഡ് പുറത്ത് ഇറക്കിയത്.
പിന്നാലെ തെലങ്കാനയില്‍ പ്രചാരണത്തിനിറങ്ങിയ തരൂരിനോട് പ്രധാന നേതാക്കള്‍ മുഖം തിരിച്ചു. ഖാര്‍ഗെക്കൊപ്പമാണെന്ന പ്രഖ്യാപനവുമുണ്ടായി.പരമാവധി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് തേടാനുള്ള ശ്രമത്തിന് തെരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശം തിരിച്ചടിയാകുമോയെന്ന സന്ദേഹം തരൂര്‍ മറച്ചുവയക്കുന്നില്ല.
കേരളമടക്കം ചില സംസ്ഥാനങ്ങളിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളും., യുവ നിരയും തരൂരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാളയെ കുറിച്ച് ചിന്തിക്കൂ , തരൂരിനെ കുറിച്ച് ചിന്തിക്കൂയെന്ന പ്രചാരണത്തിന് സമൂഹമാധ്യമങ്ങളിലും നല്ല സ്വീകാര്യതയുണ്ട്. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും മത്സരിക്കാന്‍ ഉറച്ച് നില്‍ക്കുന്ന തരൂരിന് കിട്ടുന്ന ഓരോ വോട്ടും ഹൈക്കമാന്‍ഡിന് ക്ഷീണവുമാണ്. നിക്ഷ്പക്ഷരെന്ന പ്രചാരണം പുറത്തേക്ക് നല്‍കുന്നുണ്ടെങ്കിലും തരൂരിന്‍റെ സ്വീകാര്യതയെ അത്ര ലാഘവത്തോടെ നേതൃത്വം കാണുന്നില്ലെന്ന് ചുരുക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam