തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ

By Web TeamFirst Published Oct 12, 2021, 5:10 PM IST
Highlights

അദാനി ഗ്രൂപ്പ് ഇത് നന്നായി ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ അവർക്ക് അവസരം നൽകണം.

തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ വീണ്ടും പിന്തുണച്ച് ശശി തരൂർ എംപി. തിരുവനന്തപുരം നഗരത്തിൻ്റെ വികസനത്തിന് അദാനിവരുമ്പോൾ അത് നല്ലതാണെന്ന് തരൂർ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച് എപ്പോഴും പരാതികളുയർന്നിരുന്നു.  നമ്മുടെ വിമാനത്താവളം നന്നായി പ്രവർത്തിക്കണമെന്നുള്ളത് തിരുവനന്തപുരം നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. 

നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഓഫർ ആണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും സംതൃപ്തരാണ് എന്നിരിക്കേ പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് എന്റെ അഭിപ്രായം. ഇതിനോടകം അദാനി ഗ്രൂപ്പ് രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. തിരുവനന്തപുരത്തും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുമെന്ന് കരുതാം. 

അദാനി ഗ്രൂപ്പ് ഇത് നന്നായി ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ അവർക്ക് അവസരം നൽകണം. ഇതു തൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺ​ഗ്രസ് പാർട്ടിയുടേതല്ലെന്നും തരൂ‍ർ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഇതുവരെ  ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും തരൂ‍ർ ചൂണ്ടിക്കാട്ടി. 

click me!