വിവാദങ്ങളിൽ അതൃപ്തി പരസ്യമാക്കി തരൂർ: സെമിനാറിൽ പങ്കെടുക്കില്ലെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

Published : Mar 21, 2022, 09:06 PM IST
വിവാദങ്ങളിൽ അതൃപ്തി പരസ്യമാക്കി തരൂർ: സെമിനാറിൽ പങ്കെടുക്കില്ലെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

Synopsis

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാർട്ടി തന്നെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ എഐസിസി നേതൃത്വവുമായി ആലോചിച്ച് താൻ ആ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂർ പത്രപ്രസ്താവനയിൽ പറയുന്നു. 

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായി നടക്കുന്ന സെമിനാറിൽ നിന്നും പിന്മാറുന്നതായി കോൺ​ഗ്രസ് എംപി ശശി തരൂ‍ർ. കെപിസിസി നേതൃത്വത്തിൻ്റെ വികാരം മാനിച്ച് സെമിനാറിൽ പങ്കെടുക്കരുതെന്ന് സോണിയ ​ഗാന്ധിയാണ് തരൂരിനോടും കെ.വി.തോമസിനോടും നി‍ർദേശിച്ചത്. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് തരൂ‍ർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. 

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാർട്ടി തന്നെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ എഐസിസി നേതൃത്വവുമായി ആലോചിച്ച് താൻ ആ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂർ പത്രപ്രസ്താവനയിൽ പറയുന്നു. സമാനരീതിയിൽ ഇക്കുറിയും വിവാദങ്ങളില്ലാതെ വിഷയം അവസാനിപ്പിക്കാമായിരുന്നുവെങ്കിലും ചില കേന്ദ്രങ്ങൾ വിഷയം വിവാദമാക്കി മാറ്റിയെന്നും സിപിഎം പാർട്ടി കോണ്ഗ്രസ് സെമിനാറിൽ നിന്നും വിട്ടു നിൽക്കുന്നതായുള്ളപ്രസ്താവനയിൽ തരൂർ പറയുന്നു

വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.  എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിൻറെയും കെവി തോമസിന്‍റെയും പ്രതികരണം. തുട‍ർന്നാണ് സെമിനാറിൽ പങ്കെടുക്കാൻ അനുവാദം തേടി ഇരുവരും കോൺ​ഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചത്. 

പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണ്  ശശി തരൂരിനെയും കെവി തോമസിനെയും സിപിഎം ക്ഷണിച്ചത്. സിൽവർലൈനിൽ സർക്കാറിനെതിരെ കോൺഗ്രസ് കടുത്ത സമരം നടത്തുമ്പോൾ സിപിഎം പരിപാടിയിൽ പാർട്ടി നേതാക്കൾ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. കെ.സുധാകരൻ ഇക്കാര്യത്തിൽ ക‍ർശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും തോമസും. 

രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ കെവി തോമസ് സംസ്ഥാന നേതൃത്വവുമായി കൂടുതൽ അകൽച്ചയിലാണ്. ജി 23 അംഗമായ തരൂർ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്. പൊതുവിഷയങ്ങളിൽ സംസ്ഥാന നേതാക്കളെ തരൂർ കാര്യമായി ഗൗനിക്കാറുമില്ല. അതേസമയം കെപിസിസി വിലക്കിനെ സംസ്ഥാന നേതൃത്വത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കെപിസിസി വിലക്ക് ബിജെപിയെ സഹായിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. നേരത്തെ സിപിഎം സെമിനാറിൽ പങ്കെടുക്കാൻ പോയ  ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആ‍ർ.ചന്ദ്രശേഖരനെ കെ.സുധാകരൻ നേരിട്ട് ഫോണിൽ വിളിച്ച് വിലക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള കേസ്; കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്, ജഡ്ജി ആശുപത്രിയിലെത്തി നടപടികൾ പൂർത്തിയാക്കും
'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്