
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (Sreenivasan murder case) കൃത്യത്തിനായി ആയുധങ്ങൾ എത്തിച്ച കാർ പൊലീസ് കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. കൊലയാളികൾക്ക് ആയുധം എത്തിച്ചു നൽകിയത് ഈ കാറിൽ ആണ്. എന്നാൽ കാർ ഓടിച്ച ആളെ കണ്ടെത്താനായിട്ടില്ല.
ശ്രീനിവാസൻ കൊലക്കേസിൽ നേരത്തെ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ജിഷാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സഞ്ജിത് കൊലക്കേസിലും ജിഷാദിനെ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാകും സഞ്ജിത് കൊലക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തുക. എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്
ശ്രീനിവാസൻ, സഞ്ജിത കൊലക്കേസുകളിൽ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ച് കൊലയാളികൾക്ക് കൈമാറുകയും കൃത്യം നടപ്പാക്കാൻ വേണ്ട നിർദേശങ്ങൾ ജിഷാദ് നൽകിയെന്നുമാണ്പൊലീസിൻ്റെ കണ്ടെത്തൽ. ശ്രീനിവാസൻ കൊലക്കേസിൽ ജിഷാദുമായി നേരത്തെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റിനു പിന്നാലെ, ജിഷാദിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
സഞ്ജിത്ത് കൊലക്കേസിൽ തന്നെ അറസ്റ്റിലായ ബാവയെ പൊലീസ് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലപാതകത്തിൻ്റെ മുഖ്യ സൂത്രധാരകരിൽ ഒരാളാണ് ആലത്തൂർ സർക്കാർ യുപി സ്കൂളിലെ അധ്യാപകനായിരുന്ന ബാവ. എന്നാണ് അന്വേഷണസംഘം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam