
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാത്തതിനെ ചൊല്ലി കോൺഗ്രസിൽ പോര്. കെപിസിസി അധ്യക്ഷനോട് അലോഷ്യസ് പരാതി അറിയിച്ചു. അതേസമയം, കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി. ആശങ്കകൾ തിരുത്തപ്പെടാതെ വരുമ്പോഴാണ് അഭിപ്രായവ്യത്യാസം തുറന്ന് പറയുന്നതെന്ന് ജിന്‍റോ ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസിൽ മുഖ്യമന്ത്രി- കെ എസ് യു പോര് കനക്കുന്നതോടെ പക്ഷം പിടിക്കുകയാണ് നേതാക്കൾ. മുഖ്യമന്ത്രി കെ എസ് യു പ്രസിഡന്റിന് മുഖം കൊടുക്കാത്തത് ശരിയായില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. പ്രശ്‌നത്തിൽ ഇടപെടണമെന്ന് കെപിസിസി അധ്യക്ഷനോട് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണത്തിൽ കെ എസ് യുവിൻ്റെ ആവശ്യങ്ങൾ അംഗീകരിക്കാത്തത് നിർഭാഗ്യകരമെന്നാണ് പരാതി. അതേസമയം, അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വി ഡി പക്ഷത്തിൻ്റെ വാദം. യുവാക്കളെ ഇറക്കി വിടുന്നതിനു പിന്നിൽ ഗ്രൂപ്പ് താല്പര്യമെന്നാണ് ആക്ഷേപം.
അതേസമയം, കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി. സമയം ചോദിച്ച വ്യാഴാഴ്ച്ച മുഖ്യമന്ത്രി കൊല്ലത്തായിരുന്നുവെന്നും ഇന്നലെ കെ എസ് യു പ്രസിഡൻ്റ് കന്യാകുമാരിയിൽ പോകുമെന്നാണ് അറിയിച്ചത് എന്നുമാണ് വിശദീകരണം. എന്നാൽ, പ്രശ്‌നം തീർക്കാനാണ് എസ് എച്ച് കോളേജിൽ അലോഷ്യസ് പോയതെന്നാണ് കെ എസ് യു പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam