
കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി. എം.എം.മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി എം.എം.മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷൻസ് കോടതിയെ എം.എം.മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. എം.എം. മണിയെ കൂടാെ ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ.
2012 മെയിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982-ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും ഐജിയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത എം.എം.മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.
ജയിൽ മോചിതനായി പുറത്തു വന്ന ശേഷം എം.എം.മണി വിടുതൽ ഹർജിയുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്.
അഞ്ചേരി ജോർജ്ജ് (അഞ്ചേരി ബേബിയുടെ സഹോദരൻ) - വലിയ നീതിനിഷേധമാണ് ഇത്. പ്രതികളുടെ ഉന്നതസ്വാധീനം ഉപയോഗിച്ച് കേസ് പലവട്ടം നീട്ടുകയും പല ബെഞ്ചുകൾ മാറുകയും ചെയ്തു. ഞങ്ങളുടെ സാമ്പത്തികാവസ്ഥ മൂലം നല്ലൊരു വക്കീലിനെ വച്ച് കേസ് നടത്താൻ സാധിച്ചിരുന്നില്ല. കേസിൽ കക്ഷി ചേർന്ന് ഞാൻ പരമാവധി പോരാടിയെങ്കിലും ഒരു സീനിയർ അഭിഭാഷകനെ വച്ച് വാദിക്കാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. കേസ് ഏറ്റെടുക്കാമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇനി അവരുമായി ചർച്ച ചെയ്തു തീരുമാനിക്കും. 1982-ൽ കൊലപാതകം നടന്ന ഘട്ടത്തിൽ തന്നെ കേസ് അട്ടിമറിക്കപ്പെടുന്ന നിലയുണ്ടായിരുന്നു. 2012- ലെ വെളിപ്പെടുത്തൽ കേസ് നടത്തിപ്പിന് ഞാൻ പരമാവധി ശ്രമിച്ചതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam