കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case)അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് (dileep) നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. എറണാകുളം എംജി റോഡിലെ മേത്തർ ഹോംസിന്‍റെ ഫ്ലാറ്റിലാണ് പ്രതികൾ ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. തന്‍റെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങി. നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ. എംജി റോഡിൽ ഷിപ് യാർഡിന് അടുത്തായി മേത്തർ ഹോംസിന്‍റെ അപ്പാർട്മെന്‍റ് സമുച്ചയത്തിൽ ദിലീപിന് ഫ്ലാറ്റുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെവെച്ച് ആലോചനകൾ നടന്നത്.
ഈ സമയത്തെ മൂവരുടെയും മൊബൈൽ ടവർ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം സ്ഥീരീകരിക്കുന്ന ഫ്ലാറ്റിലെ ചിലരുടെ സാക്ഷിമൊഴികളും അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ നടന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ സാന്നിധ്യത്തിൽ ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് പറഞ്ഞത് ശാപവാക്കുകൾ മാത്രമല്ല ഗൂഢാലോചനയുടെ തുടക്കമായിരുന്നു എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ഇതുവഴി ശ്രമിക്കുന്നത്.
ഇതിനിടെ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാരിയരിൽനിന്നും അന്വേഷണസംഘം ഫോണിലുടെ വിവരങ്ങൾ തേടിയെന്നാണ് സൂചന. മുൻ ഭാര്യയും അഭിഭാഷകരുമായുളള ഫോൺ സംഭാഷണങ്ങൾ ഉളളതിനാൽ ഫോൺ ഹാജരാക്കാനാകില്ലെന്നായിരുന്നു ദിലീപ് കഴിഞ്ഞ ദിവസം കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ അത്തരത്തിലുളള സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാരിയർ മറുപടി നൽകിയെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam