സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിലും ദുരൂഹത

By Web TeamFirst Published Nov 10, 2022, 8:16 AM IST
Highlights

ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളിൽ അനിയനെ ഒപ്പമുള്ളവർ മർദ്ദിച്ചിരുന്നുവെന്നും കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെന്നും പ്രശാന്ത് പറഞ്ഞു.

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ മരണത്തിലും ദുരൂഹത. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയും ആർഎസ്എസ് പ്രവർത്തകനുമായ  പ്രകാശും കൂട്ടുകാരും ചേർന്നാണെന്ന് പ്രകാശിൻ്റെ സഹോദരൻ പ്രശാന്താണ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. പ്രകാശിന്റെ മരണത്തിലും സഹോദരൻ ദുരൂഹത ആരോപിച്ചു. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളിൽ അനിയനെ ഒപ്പമുള്ളവർ മർദ്ദിച്ചിരുന്നുവെന്നും കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെന്നും പ്രശാന്ത് പറഞ്ഞു. 

ആര്‍എസ്എസ് ശാഖാ നടത്തിപ്പുക്കാരനായിരുന്നു പ്രകാശ്. എന്നാല്‍ സംഭവത്തിന് ശേഷം മറ്റുചില കാരണങ്ങളാല്‍ പ്രകാശനെ ചുമതലയില്‍ നിന്ന് മാറ്റി. സംഘടനയുമായി തര്‍ക്കമുണ്ടായി. ഇതെല്ലാം ക്രൈംബ്രാഞ്ചിന് മുന്നില്‍ വെളിപ്പെടുത്തി. ഇനിയും കേസില്‍ നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. 

പ്രകാശൻ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപാണ് ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ  സഹോദരനോട് വെളിപ്പെടുത്തിയത്. പ്രകാശൻ ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജഗതിയിൽ നിന്നും പ്രകാശന്റെ  കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം കസ്റ്റഡിയിലെടുത്തിരുന്നു. അതോടെ സഹോദരൻ ആകെ അസ്വസ്ഥനായി. തുടർന്ന് രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രകാശൻ സംഭവം വെളിപ്പെടുത്തിയതെന്നും പ്രശാന്ത് പറഞ്ഞു. കുറച്ചു ദിവസത്തിന് ശേഷം പ്രകാശ് ആത്മഹത്യ ചെയ്തു.

മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ പ്രകാശ് വീട്ടിൽ ഇല്ലായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. വീട്ടിൽ ഇടക്കുവന്നാലും കുണ്ടമൺകടവിലെ സുഹൃത്തുക്കൾ വിളിച്ചു കൊണ്ടു പോകും. പ്രകാശൻ്റെ മരണശേഷം തനിക്ക് മേലെയും സമ്മർദ്ദമുണ്ടായെന്നും പ്രശാന്ത് പറഞ്ഞു. പ്രകാശിന്റെ കൂടെ നിന്നവരുടെ ജീവിതം തുലക്കരുതെന്നും സംഭവം പുറത്തറിഞ്ഞാൽ അവരുടെ വീട്ടിലെ സ്ത്രീകൾ വല്ല കടുംകൈയും ചെയ്യും എന്നായിരുന്നു സമ്മർദ്ദം. എന്നാൽ സഹോദരൻ പ്രകാശൻ മരിച്ച ശേഷം  കൂടെയുണ്ടായിരുന്നവരെല്ലാം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവൻ്റെ മരണശേഷം കൂട്ടുകാർ ആരും ഇങ്ങോട്ട് വന്നില്ലെന്നും പ്രശാന്ത് ആരോപിച്ചു. പ്രകാശിന്റെ മരണത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. 

click me!