
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലത്തിന് തുടക്കമായി. ഇത്തവണ വേനൽക്കാലം കേരളത്തെ വല്ലാതെ വലക്കില്ലെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വേനൽക്കാലത്ത് ശരാശരി താപനിലയ്ക്ക് മാത്രമേ സാധ്യതയുള്ളൂ.എന്നാൽ വേനൽ മഴ കനിഞ്ഞില്ലെങ്കിൽ ഉത്തരേന്ത്യയിലെ ഉഷ്ണതംരംഗം കേരളത്തെയും ബാധിച്ചേക്കും.
മധ്യ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയർന്നേക്കാം.
എന്നാൽ ദക്ഷിണേന്ത്യയിൽ ശരാശരി താപനിലയ്ക്ക് മാത്രമാണ് സാധ്യത. ദക്ഷിണേന്ത്യയിൽ കുറഞ്ഞ താപനില ശരാശരിയിലും താഴ്ന്നേക്കും. അതായത് ഒരു ദിവസം തന്നെ അനുഭവപ്പെടുന്ന താപനിലയിൽ കാര്യമായ വ്യത്യാസം ഉണ്ടായേക്കാം.അടുത്ത മൂന്ന് മാസം ശരാശരിയിലും കൂടുതൽ മഴയ്ക്ക് ദക്ഷിണേന്ത്യയിൽ സധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. താപനില കൈവിട്ട് ഉയരില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്. ഫെബ്രുവരിയിൽ അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്.
വടക്കൻ കേരളത്തിലെ പലയിടത്തും 38 ഡിഗ്രിക്കും മുകളിലേക്ക് ശരാശരി താപനില ഉയർന്നിട്ടുണ്ട്. കണ്ണൂർ ചെമ്പേരിയിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 39.4 ഡിഗ്രി സെൽഷ്യസാണ്. കണ്ണൂരിലെ മൂന്നിലധികം സ്റ്റേഷനുകളിൽ ഇന്നലെയും താപനില 38 ഡിഗ്രി സെൽഷ്യസിനും മുകളിലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam