
തിരുവനന്തപുരം : കോൺഗ്രസിന്റെ(congress) രാജ്യസഭ (rajyasabha)സ്ഥാനാർഥി (candidate)ആരെന്നതിൽ തീരുമാനം നീളുന്നു. പല പേരുകളാണ് ഇപ്പോൾ നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളത്. സ്ഥാനാർഥി ആരാകണം എന്നതിൽ കേരളത്തിലെ നേതൃത്വം ഹൈക്കമാണ്ടുമായുള്ള ചർച്ച ഇന്നും തുടരും. സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമായി കെ.സുധാകരൻ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്താകും തുടർ ചർച്ചകൾ
ദില്ലിയിൽ കഴിഞ്ഞ ദിവസം പല തവണകളായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിട്ടില്ല. എം.ലിജുവിനൊപ്പമാണ് കെ സുധാകരൻ ഇന്നലെ രാഹുൽഗാന്ധിയെ കണ്ടത്. തൊട്ടുപിന്നാലെ എം ലിജുവിനെതിരെ കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ രംഗത്തെത്തി. കെ സുധാകരന്റെ നോമിനി എം.ലിജുവടക്കം അടുത്തകാലത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ആരെയും പരിഗണിക്കരുതെന്നാണ് കെ.സി.വേണുഗോപാലിന്റെയും എ ഗ്രൂപ്പിന്റെയും ആവശ്യം. കെ.മുരളീധരനും ഇതേ നിലപാടാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കെ മുരളീധരൻ ഹൈക്കമാണ്ടിന് കത്ത് നൽകുകയും ചെയ്തു.
ഇതിനിടെ ഹൈക്കമാൻഡ് നോമിനിയായി ശ്രീനിവാസൻ കൃഷ്ണനെ മൽസരിപ്പിക്കാൻ ദേശീയതലത്തിൽ സമ്മർദമുണ്ടായി. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്‍ഡ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർദേശിച്ചത്. ഇതിനെതിരെ കടുത്ത എതിർപ്പുണ്ടായതോടെ അതിലും തീരുമാനമാക്കാനായില്ല.
എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരൻ പ്രതികരിക്കുകയും ചെയ്തു. പട്ടികയിൽ ചർച്ച തുടരുകയാണെന്നും അന്തിമരൂപമായിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
കേരളത്തിൽ നിന്ന് വിജയസാധ്യതയുള്ള ഒരു സീറ്റാണ് കോൺഗ്രസിനുള്ളത്. രണ്ട് ദിവസത്തിനകം ദേശീയനേതൃത്വം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. സിഎംപി സീറ്റിനായി മുന്നണിയിൽ നിന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അത് പരിഗണിക്കേണ്ടതില്ലെന്ന് തന്നെയാണ് യുഡിഎഫ് തീരുമാനം. സിഎംപിയിൽ നിന്ന് സി പി ജോണിനെ പരിഗണിക്കണമെന്നാണ് ആവശ്യം.
വനിതകളെയാണ് പരിഗണിക്കാൻ നിർദേശം ലഭിക്കുന്നതെങ്കിൽ എ ഐ സി സി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാർ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്
അതിനിടെ എൽ ഡി എഫ് രാജ്യസഭാ സ്ഥാനാർഥികളായ സി പി എം പ്രതിനിധി എ.എ.റഹീം, സി പി ഐ പ്രതിനിധി പി. സന്തോഷ്കുമാർ എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 2.30നാകും പത്രിക സമർപ്പിക്കുക. യുവാക്കൾക്ക് പ്രാതിനിധ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തവണ സിപിഎമ്മും സിപിഐയും ഇരുവരെയും സ്ഥാനാർത്ഥികളാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam