
കൽപ്പറ്റ : ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്തു. പൂട്ടിയിട്ട ഫാക്ടറിയുടെ താഴ് തകർത്താണ് ഉദ്യോഗസ്ഥർ അകത്ത് കടന്നത്. ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകള്‍ പ്രതിഷേധത്തെ തുടർന്ന് തല്‍ക്കാലം ഏറ്റെടുക്കേണ്ടെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കി.
എല്‍സ്റ്റണിലെ 64 ഹെക്ടർ എസ്റ്റേറ്റ് ഭൂമി അതിലെ കെട്ടിടങ്ങളടക്കമാണ് ടൗണ്‍ഷിപ്പിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഭൂമി ഏറ്റെടുത്ത സർക്കാർ അവിടെ വീടുകളുടെ നിർമാണവും തുടങ്ങിയിരിക്കെയാണ്. എസ്റ്റേറ്റിലെ ഫാക്ടറിയും ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളും ഒഴിയാൻ ഏഴ് ദിവസത്തെ സമയാണ് നല്‍കിയിരുന്നത്. ഇക്കാര്യം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഏഴ് ദിവസം പൂര്‍ത്തിയായിരിക്കെ തഹസില്‍ദാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവും രാവിലെ പതിനൊന്നോടെ എസ്റ്റേറ്റിലെത്തി. നിലവില്‍ താസക്കാരായവരെ ഒഴിപ്പിക്കേണ്ടെന്ന് കളക്ടർ നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ആരും താമസമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞ ഒരു ക്വാർട്ടേഴ്സിനെ ചൊല്ലി ജീവനക്കാരുമായി തർക്കമുണ്ടായി. സെക്യൂരിറ്റിയായി ജോലിചെയ്യുന്നയളാണ് താമസമെന്നാണ് ജീവനക്കാരുടെ നിലപാട്.
ഈ ക്വാർട്ടേഴ്സില്‍ താമസിക്കുന്നുവെന്ന് അവകാശവാദം ഉന്നയിച്ച ജീവനക്കാരനോട് രണ്ട് ദിവസത്തിനുള്ളില്‍ തൊഴിൽ രേഖകള്‍ ഹാജരാക്കാൻ തഹസില്‍ദാർ നിര്‍ദേശിച്ചു. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കിട്ടാതെ ഒഴിയില്ലെന്നതാണ് ക്വാർട്ടേഴ്സുകളിലുള്ള ജീവനക്കാരുടെ നിലപാട്. നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഫാക്ടറിയും കെട്ടിടങ്ങളും പൂട്ടിയ നിലയിലായിരുന്നു. ഒടുവില്‍ പൂട്ട് തകർത്ത് അകത്ത് കയറിയാണ് ഉദ്യോഗസ്ഥർ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചത്.
ടൗണ്‍ഷിപ്പ് നിര്‍മാണം തുടരവെ എസ്റ്റേറ്റിലുള്ള തേയിലെ ചെടിയും മറ്റ് സാധനങ്ങളുടെയുമെല്ലാം കണക്കുകള്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ വയനാട് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ഒരു കമ്മീഷനെ ഇതിനായി നിയമിക്കണമെന്നാണ് ഉടമയുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam