ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ ബസ് ഡ്രൈവർ സഹാർ ചൊവ്വാഴ്ചയാണ് മരിച്ചത്. ജീവിതത്തോട് പൊരുതി 17 ദിവസമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ കോളേജിൽ കിടന്നത്.
തൃശൂര്‍ : തൃശൂരിലെ സദാചാര ആക്രമണം നടന്ന് പത്തൊമ്പത് ദിവസമായിട്ടും പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്. വിദേശത്തേക്ക് കടന്ന പ്രധാന പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. എന്നാൽ മറ്റു പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ ബസ് ഡ്രൈവർ സഹാർ ചൊവ്വാഴ്ചയാണ് മരിച്ചത്. ജീവിതത്തോട് പൊരുതി 17 ദിവസമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ കോളേജിൽ കിടന്നത്. 21 ന് ചേർപ്പ് പൊലീസിന് പരാതി എത്തിയതിന് പിന്നാലെ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പൊലീസ് പ്രതികളെ തേടിയിറങ്ങിയില്ല.
ഈ സമയം കൊണ്ട് മുഖ്യപ്രതിയായ രാഹുൽ വിദേശത്തേക്ക് കടന്നു. സഹറിന്റെ മരണശേഷം പ്രതികളായ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോൺ , ഗിൻജു, അമീർ , രാഹുൽ എന്നിവരെത്തേടി പൊലീസ് ഇറങ്ങിയെങ്കിലും എല്ലാവരും ഒളിവിൽ പോയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്കെത്താനായില്ല. പ്രതികളുടെ ബന്ധുക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. വിദേശത്തേക്ക് പോയ രാഹുലിനെ തിരികെ എത്തിക്കാൻ സമ്മർദ്ദം തുടരുന്നു. പെൺ സുഹൃത്തിന്റെ വീട്ടിൽ വന്ന ബസ് ഡ്രൈവർ സഹറിനെ ആക്രമിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്. രാഹുലിന്റെ സുഹൃത്തായിരുന്ന യുവതിയുമായി സഹർ സൗഹൃദം സ്ഥാപിച്ചതാണ് മർദന കാരണം.
