
തിരുവനന്തപുരം: വധശിക്ഷയിൽ നിന്നും ഹൈക്കോടതി ഒഴിവാക്കിയ ഗുണ്ടാനേതാവ് വീണ്ടും അറസ്റ്റിൽ. അമ്മയ്ക്കൊരു മകൻ സോജു എന്നു വിളിക്കുന്ന അജിത്താണ് ഗുണ്ടാപ്പിരിവ് നൽകാത്തതിന് യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ചതിന് പിടിയിലായത്. ജയിൽമോചിതനായ സോജു ഗുണ്ടകളെ സംഘടിപ്പിച്ച് വീണ്ടും സജീവമാകുന്നതിനിടെയാണ് പിടിയിലാകുന്നത്.
തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടാസംഘങ്ങളെ നയിച്ചിരുന്ന സോജു, കൊലക്കേസിൽ വർഷങ്ങള്‍ക്ക് മുമ്പ് ജയിലായി. ജെറ്റ് സന്തോഷെന്ന മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ 12 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. കേസിൽ പ്രതിയായ ഒളിവിൽ പോയ സോജുവിനെ ഉത്തരേന്ത്യയിൽ വെച്ച് പൊലീസ് സാഹസികമായാണ് പിടികൂടിയത്. തൂക്കുകയറാണ് തിരുവനന്തപുരം സെഷൻസ് കോടതി സോജുവിന് വിധിച്ചത്. അപ്പീൽ പരിഗണിച്ച് സോജുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജയിലിൽ നിന്നിറങ്ങിയ സോജു വീണ്ടും ഗുണ്ടാപ്രവർത്തനം തുടങ്ങി. ഗുണ്ടകളെ സംഘടിപ്പിച്ച് കരമന കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
ടിപ്പർ ലോറിയിൽ നിന്നും മണ്ണടിക്കുന്നവരിൽ നിന്നും ഗുണ്ടാപ്പരിവ്, റിയൽ എസ്റ്റേറ്റ് കാരിൽ നിന്നും കമ്മീഷൻ അങ്ങനെ തലസ്ഥാനത്ത് വീണ്ടും താവളം ഉറപ്പിക്കുകയായിരുന്നു. പൊലീസോ എതിരാളികളോ ബണ്ട്റോഡിലെ വീട്ടിൽ കയറാതിരിക്കാൻ എപ്പോഴും ഗുണ്ടകളുടെ സംരക്ഷണം, വീട്ടിനുള്ളിൽ നായ്ക്കളെ അഴിച്ചുവിട്ടിരിക്കും. ഭീഷണിയിൽ പണം നഷ്ടമായവർ ആരും പൊലീസിൽ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം ടിപ്പർ വാടക്കെടുത്ത് മണ്ണ് കൊണ്ടുപോകുന്ന ഒരു യുവാവിനോട് ലോഡൊന്നിന് 1000 രൂപ നൽകാൻ സോജു ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ കൂട്ടാളിയായ വിഷ്ണു ചർച്ചക്കെന്ന് പറഞ്ഞത് വിശ്വസിപ്പിച്ച് സോജുവിൻെറ വീട്ടിലേക്ക് യുവാവിനെ കൂട്ടികൊണ്ടുപോയി. വീട്ടിനുള്ളിൽ വച്ച് ക്രൂരമായി ഒരു ദിവസം മുഴുവൻ മർദ്ദിച്ചു. ഇക്കാര്യമറിഞ്ഞ കരമന പൊലീസ് മർദ്ദനമേറ്റയാളെ കണ്ടെത്തി. മർദ്ദനമേറ്റ യുവാവ് പരാതി നൽകാൻ തയ്യാറാതോെടെയാണ് സോജുവിന് പിടിവീണത്. പൊലീസിൽ പോലും ചാരൻമാരുള്ളതിനാൽ തിരുവനന്തപുരം ഡിസിപി ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ രഹസ്യമായിട്ടായിരുന്നു നീക്കം. രഹസ്യമായി കേസെടുത്ത് വീട് റെയ്ഡ് ചെയ്ത് സോജുവിനെയും വിഷ്ണുവിനെയും കരമന പൊലീസ് പിടികൂടി. ഷാഡോ പൊലീസാണ് പിടികൂടിയത്. വീട്ടിൽ നിന്നും മാരയായുധങ്ങളും പൊലീസ് പിടിച്ചെടുത്തു. തലസ്ഥാനത്ത് വീണ്ടും ഗുണ്ടകള്‍ താവളമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോജുവിൻെറ അറസ്റ്റ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam