നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്ന്; മുഴുവൻ പ്രതികളോടും ഹാജരാകണമെന്ന് കോടതി

By Web TeamFirst Published Mar 21, 2019, 6:44 AM IST
Highlights

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി.

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം സിബിഐ കോടതിയിൽ ഇന്ന് തുടങ്ങും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി.

കേസിലെ മുഴുവൻ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാൻ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയായ സുനിൽകുമാർ ഹാജരാകുമെങ്കിലും നടൻ ദീലീപ് ഹാജരായേക്കില്ല. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നൽകിയ നിർദ്ദേശം.

നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികൾ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിൻ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്ന് കോടതി പറഞ്ഞു. വിചാരണ നടപടികൾ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കേസിന്‍റെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

click me!