
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ (Ramesh Chennithala) ഹൈക്കമാന്‍റിന് വീണ്ടും പരാതി ലഭിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ചെന്നിത്തല സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനലാണ് ഹൈക്കമാന്‍റിന് പരാതി നൽകിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ചെന്നിത്തല അണികൾക്ക് നിർദ്ദേശം നൽകുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതും പരാതിയിലുണ്ട്.
ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു. കെസിക്കെിരെ പോസ്റ്റിടാൻ നിർദ്ദേശം നൽകുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന പ്രചാരണം കോൺഗ്രസ് സൈബർ സ്പേസിൽ ശക്തമാണ്. എന്നാൽ ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാൽ കെസി വേണുഗോപാലിനും തനിക്കുമെതിരായി നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ചെന്നിത്തല ബ്രിഗേഡിനെ വിഡി സതീശൻ സംശയിക്കുന്നുണ്ട്.
നേരിട്ട് പോസ്റ്റിട്ടാൽ പോലും ഹാക്ക് ചെയ്തെന്ന വാദം നിരത്തി രക്ഷപ്പെടാമെന്നുള്ളതിനാൽ മുതിർന്ന നേതാക്കളും സൈബറിടത്തെ ഒളിപ്പോരിൽ പിന്നിലല്ല. ലിജുവിനെ വെട്ടി ജെബി മേേത്തറിന് രാജ്യസഭാ സീറ്റ് നൽകിയതിലുള്ള സൈബർ യുദ്ധത്തിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിൻ്റെ എഫ് ബി അക്കൗണ്ടിൽ നിന്നും ചെന്നിത്തലക്കെതിരെ പോസ്റ്റ് വന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന മധു വിശദീകരിച്ചെങ്കിലും നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കൾ കെസുധാകരന് പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam