
കൊച്ചി: കുഫോസ് വിസി നിയമം റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവില്‍ ഗവര്‍ണര്‍ക്കും വിമര്‍ശനം. യുജിസി പ്രതിനിധി ഇല്ലാത്ത കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത് തെറ്റാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വിസി സ്ഥാനത്തേക്ക് ഒരാളെ മാത്രം നിശ്ചയിച്ച സെലെക്ഷൻ കമ്മിറ്റി നടപടി യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കോടതി കുഫോസ് വിസി ഡോ റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയത്. റിജി ജോണിന് യോഗ്യത ഇല്ലെന്ന വാദം നിയമപരമായി നിലനില്‍ക്കില്ല. റിജി ജോണിന് അധ്യാപന പരിചയത്തിനുള്ള യോഗ്യതയുണ്ട്. തമിഴ്നാട് സര്‍വകലാശാല നല്‍കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇതിന് തെളിവെന്നും കോടതി വിശദീകരിച്ചു.
സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിലെ അപാകതകളാണ് കോടതി പരിഗണിച്ചത്. റിജി ജോണിനെ കുഫോസ് വിസിയായി നിയമിച്ചത് യുജിസി ചട്ടപ്രകാരം അല്ലെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചുരുക്ക പട്ടികയിലുണ്ടായിരുന്ന ഡോ. കെ കെ വിജയൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു സർവകലാശാലയിൽ പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് 7 വർഷം മാത്രമാണ് അധ്യാപന പരിചയം ഉണ്ടായിരുന്നത്. സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരും ഉൾപ്പെട്ടുവെന്ന് ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് നിയമനം റദ്ദാക്കിയത്.
ഒന്‍പത് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്ന് ഒരാളുടെ പേര് മാത്രം സെലെക്ഷൻ കമ്മിറ്റി ചാൻസലർക്ക് അയച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പുതിയ വൈസ് ചാൻസലറിനെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് കോടതി അനുമതി നൽകി. ഫിഷറീസ് സർവകലാശാല ഒരു കാർഷിക സർവകലാശാലയാണെന്നും അതുകൊണ്ട് തന്നെ യുജിസി ചട്ടങ്ങൾ അതിന് ബാധകമല്ല എന്നുമുള്ള സർക്കാരിന്‍റെയും റിജി ജോണിന്‍റെയും വാദം കോടതി തള്ളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam