കോഴക്കേസ്:കെഎം ഷാജിക്കെതിരെയുള്ള നടപടികൾ തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

By Web TeamFirst Published Jul 27, 2022, 12:35 PM IST
Highlights

കണ്ണൂര്‍ അഴീക്കോട്ടെ ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്ലസ് വൺ ബാച്ച് അനുവദിക്കാൻ മാനേജ്മെന്‍റിന്‍റെ കയ്യില്‍നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി.ഈ പരാതിയിൽ രണ്ട് വര്‍ഷം മുമ്പ് 2020ലാണ് വിജിലൻസ് കെ എം ഷാജിക്കെതിരെ കേസ് എടുത്തത്

കൊച്ചി : പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എല്‍ എയുമായ കെ എം ഷാജിയുടെ അറസ്റ്റ് അടക്കം തുടർ നടപടികൾ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി . വിജിലൻസ് കേസിൽ ആണ് നടപടി . രണ്ടാഴ്ച്ചത്തേക്കാണ് സമയം നീട്ടിയത്.

രണ്ടാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും. ഇ ഡി കേസിൽ നേരെത്തെ തുടർ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. കണ്ണൂര്‍ അഴീക്കോട്ടെ ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്ലസ് വൺ ബാച്ച് അനുവദിക്കാൻ മാനേജ്മെന്‍റിന്‍റെ കയ്യില്‍നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി.ഈ പരാതിയിൽ രണ്ട് വര്‍ഷം മുമ്പ് 2020ലാണ് വിജിലൻസ് കെ എം ഷാജിക്കെതിരെ കേസ് എടുത്തത്. ഈ കേസിൽ ഇ ഡിയുടെ തുടര്‍നടപടികളും ഹൈക്കോടതി തത്ക്കാലത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്

കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ  ഭാര്യ ആശയുടെ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വത്തുക്കൾ ഏപ്രിലില്‍  ഇഡി കണ്ടുകെട്ടിയിരുന്നു.  കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യയുടെ പേരില്‍ നിർമ്മിച്ചെന്ന് ഇഡി കണ്ടെത്തിയ കക്കോടിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 

അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ.എം. ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍നിന്നാണ് കോഴ വാങ്ങിയതെന്നും ഈ അധ്യാപകന് പിന്നീട് സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.  

2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.  കെ.എം. ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 

 

click me!