
78 വർഷങ്ങൾക്ക് മുൻപ്, രാഷ്ട്രീയമായി മുസ്ലിം സമുദാത്തിൽപ്പെടുന്ന ആളുകൾ സംഘടിക്കണമെന്ന ലക്ഷ്യത്തോടെ രാജ്യത്ത് സ്ഥാപിതമായ പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്. യുഡിഎഫിൽ കോൺഗ്രസിനോളം തന്നെ തുല്യ അവകാശമുള്ള പാർട്ടിയായി മുസ്ലീം ലീഗ് വളർന്നത് വർഷങ്ങളെടുത്താണെന്ന് പറയാം. യുഡിഎഫിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് ഷെയറുള്ള രാഷ്ട്രീയ പാർട്ടികളിൽ രണ്ടാമതാണ് ലീഗ്. അതും ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളും നേടിയാണ് മുസ്ലീം ലീഗ് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത്. മലബാറിൽ മാത്രം പ്രബലമായൊരു പാർട്ടി കേരള രാഷ്ട്രീയത്തിലെന്ത് സംഭവിക്കണമെന്ന് തീരുമാനമെടുക്കുന്നതിൽ പ്രധാനപ്പെട്ടതാകുന്നു. ഇവിടെയാണ് മുസ്ലീം ലീഗ് താണ്ടി വന്ന കടമ്പകളുടെ കഥ പറയേണ്ടത്.
1947 ലെ ഇന്ത്യ- പാക് വിഭജനം മുതലാണ് ഈ കഥ ആരംഭിക്കുന്നത്. ഇക്കാലത്ത്, നേരത്തെ ഉണ്ടായിരുന്ന ആൾ ഇന്ത്യ മുസ്ലിം ലീഗ് തുടരണമോ പിരിച്ചുവിടണമോ എന്ന വലിയ ചർച്ചക്കും തുടക്കം കുറിച്ചിരുന്നു. മതേതര റിപബ്ലിക് ആയി സ്വതന്ത്രമാകുന്ന ഇന്ത്യയിൽ പ്രത്യേക പാർട്ടിയായി നിലകൊള്ളുന്നതിൽ കാര്യമില്ല എന്നായിരുന്നു പ്രവർത്തകരുടെയടക്കം ചിന്ത. പിന്നീട്, കൽക്കത്തയിൽ നടന്ന നിർണായക യോഗത്തിൽ പലരും പാർട്ടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബും കെ.എം. സീതി സാഹിബും പാർട്ടി പിരിച്ചു വിടണമെന്ന ആവശ്യത്തെ ശക്തമായി എതിർത്തു. ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി രാഷ്ട്രീയ ശബ്ദം അനിവാര്യമാണെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. ഇതിന് പരിഹാരം കാണുകയായിരുന്നു പിന്നീട് ചെയ്തത്. 1947 ഡിസംബർ 15-ന് നിലവിലുണ്ടായിരുന്ന മുസ്ലിം ലീഗ് പിരിച്ചുവിട്ടു. ഇന്ത്യയിലെയും പാകിസ്താനിലെയും മുസ്ലിം ലീഗിന്റെ ഭാവി അതത് രാജ്യങ്ങളിലെ ജനതയ്ക്ക് വിട്ടുകൊടുക്കുകയെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു.
അങ്ങനെ, ഇന്ത്യ സ്വതന്ത്രമായതിന്റെ പിറ്റേ വർഷം ഇസ്മായീൽ സാഹിബ് വിളിച്ച് ചേർത്ത സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി. ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നായിരുന്നു സംഭവം. പ്രഥമ പ്രസിഡന്റായി ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്, ജനറൽ സെക്രട്ടറിയായി മെഹബൂബ് അലി ബേഗ്, ഖജാഞ്ചിയായി ഹാജി ഹസനലി പി ഇബ്രാഹിം എന്നിവരെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുക എന്നതാണ് ലീഗിന്റെ സ്ഥാപക തത്വങ്ങളിൽ പ്രധാനപ്പെട്ടത്. കേരളത്തിൻറെ മുഖ്യമന്ത്രി പദത്തിൽ ലീഗുകാരനായ സിഎച്ച് മുഹമ്മദ് കോയ അവരോധിക്കപ്പെട്ടതാണ് ചരിത്രത്തിലെ ഈ പാർട്ടിയുടെ നേട്ടം. കേരളത്തിന് പുറത്ത് ചില സംസ്ഥാനങ്ങളിലും മുസ്ലിം ലീഗിന് നിയമസഭ, പാർലമെൻറ് എന്നിവിടങ്ങളിൽ അംഗങ്ങളും ഭരണ പങ്കാളിത്തവുമുണ്ടായിരുന്നു. 2022ലെ കണക്ക് പ്രകാരം മൂന്ന് ലോകസഭാ അംഗങ്ങളും ഒരു രാജ്യ സഭാ അംഗവും 15 നിയമസഭ അംഗങ്ങളുമാണുമാണ് മുസ്ലീം ലീഗിന് ഉള്ളത്.
ഇനി, കേരളത്തിലെ നിയമസഭയിലെ മുസ്ലീം ലീഗിന്റെ പ്രാതിനിഥ്യം സംബന്ധിച്ച കണക്കുകൾ പരിശോധിച്ച് നോക്കാം. 1977ൽ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള നിയമസഭയിൽ വെറും 13 സീറ്റുകളാണ് ഐയുഎംഎൽ എന്ന പാർട്ടിക്ക് ഉണ്ടായിരുന്നത്. പിന്നീട് 1980 ൽ യുഡിഎഫ് പ്രതിപക്ഷത്തിരിക്കുമ്പോഴും അതിൽ 14 പ്രതിനിധികളെ ലീഗ് സംഭാവന ചെയ്തു. 1982 ൽ വീണ്ടും കെ കരുണാകരൻ അധികാരത്തിലേറിയത് 77 സീറ്റുകളിലായിരുന്നെങ്കിൽ അതിൽ 14 സീറ്റുകളിൽ ലീഗ് പ്രതിനിധികളായിരുന്നു. 2011 ആയപ്പോഴേക്കും 23 സീറ്റുകളിൽ മത്സരിച്ച ഐയുഎംഎലിന് 21 സീറ്റുകൾ നേടാനായി. എന്നാൽ 2021 ലെ തെരഞ്ഞെടുപ്പിൽ 27 സീറ്റുകളിൽ മത്സരിച്ച ലീഗിന് 15 സീറ്റ് മാത്രമാണ് നേടാനായത്. 2026 ൽ ആകട്ടെ 27ൽ 22 സീറ്റുകളോടെ വൻ തിരിച്ചു വരവാണ് ഐയുഎംഎൽ നടത്തിയിരിക്കുന്നത്.
നിലവിൽ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമടക്കം കോൺഗ്രസിൽ ചർച്ചയാകുന്ന സമയത്തും, മുസ്ലീം ലീഗിന്റെ വാക്കിന് വില കൽപ്പിച്ചേ മതിയാകൂ. നിലവിൽ, കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയാണ് ലീഗ് എന്നത് തന്നെയാണ് ധൈര്യം. ഉപമുഖ്യമന്ത്രിയായി മുസ്ലീം ലീഗിൽ നിന്ന് ഒരു പ്രതിനിധിയെ പ്രതീക്ഷിക്കുന്നുണ്ട് രാഷ്ട്രീയ കേരളം..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam