
കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസന കാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തുമുണ്ടാകുമെന്നും മഞ്ചേശ്വരത്തിന് നന്ദിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് പുറമെ കന്നഡയിലും സുരേന്ദ്രൻ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ കെ എം അഷറഫിന് 32,302 വോട്ടിന്‍റെ വമ്പൻ വിജയമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിയും നാലാം തവണയും മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രനെ (59,169 വോട്ട്) ഇത്തവണയും മണ്ഡലം കൈവിട്ടു. സിപിഎം സ്ഥാനാർത്ഥിയായ കെ ആർ ജയാനന്ദയ്ക്ക് 18,834 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇത്തവണയെങ്കിലും മഞ്ചേശ്വരം സ്വന്തമാക്കണമെന്ന കെ സുരേന്ദ്രൻറെ സ്വപ്നങ്ങൾക്ക് ഇതോടെ തിരശ്ശീല വീണു. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന സുരേന്ദ്രന്‍റെ പതിവ് ഇത്തവണയും തെറ്റിയില്ല.
കാസർകോടിന്‍റെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന മഞ്ചേശ്വരം നിയോജക മണ്ഡലം വോർക്കാടി, മീഞ്ച, പൈവളികെ, എൻമകജെ, പുത്തിഗെ, കുമ്പള, മംഗൽപാടി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്. കേരള രാഷ്ട്രീയത്തിൽ എക്കാലവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് കൂടിയാണ് മഞ്ചേശ്വരം. കന്നഡ, തുളു ഭാഷകൾ സംസാരിക്കുന്ന വോട്ടർമാർക്ക് വലിയ സ്വാധീനമുള്ള ഇവിടെ ബിജെപിയും മുസ്ലീം ലീഗും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് പതിറ്റാണ്ടുകളായി നടക്കുന്നത്. 2006 -ൽ എൽഡിഎഫ് അട്ടിമറി നടത്തിയതൊഴിച്ചാൽ 1987 മുതൽ യുഡിഎഫിന്‍റെ ഉറച്ച കോട്ടയാണ് മഞ്ചേശ്വരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam