
ചാരുംമൂട്: അന്തർ ജില്ലാ ഗുണ്ടയായ പാലമേൽ സ്വദേശി ആഷിഖ് (35) നെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നൂറനാട് എസ്എച്ച്ഒ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 2011 മുതൽ നൂറനാട്, അടൂർ പോലീസ് സ്റ്റേഷനുകളിലായി ലഹളയുണ്ടാക്കൽ, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകളെ ആക്രമിക്കൽ, മാരകായുധങ്ങളുമായി ആക്രമണം, പട്ടികജാതി പീഢനം (തടയൽ) നിയമം തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് ആഷിഖ് എന്ന് പൊലീസ് പറഞ്ഞു.
2014 ൽ ആദിക്കാട്ടുകുളങ്ങരയിൽ വെച്ച് പെരുന്നാൾ ദിവസം നടന്ന തർക്കത്തിൽ ഇടപെട്ടയാളെ വാളുകൊണ്ട് മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസിൽ മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇയാളെയും കൂട്ടു പ്രതികളേയും അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലിറങ്ങിയ ആഷിഖ് ഗുണ്ടാ സംഘങ്ങളുമായി ചേർന്ന് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു. വിവിധ കേസുകളിലായി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലും കൊട്ടാരക്കര ജില്ലാ ജയിലിലും പത്തനംതിട്ട ജില്ലാ ജയിലിലും പല തവണ ഇയാൾ തടവിൽ കഴിഞ്ഞിട്ടുണ്ട്.
Read More:വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് കര്‍ഷകനെ പറ്റിക്കാന്‍ നോക്കി, പണം കിട്ടിയില്ല; പൊലീസിന്‍റെ പിടിയിലായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം