
തിരുവനന്തപുരം : കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ കുടുക്കിയെന്ന എസ് എഫ് ഐ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായവർ കേസിൽ പങ്കുള്ളവർ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും തൃക്കാക്കര എസിപി ബേബി വിശദീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവിൽ പിടിയിലായവർക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂർവ്വ വിദ്യാർത്ഥികൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്നും കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പൊലീസ് അറിയിച്ചു.
കളമശേരി പോളീടെക്നിക്കിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ അർദ്ധരാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അടക്കം മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. പുലർച്ചെ വരെ നീണ്ട ഓപ്പറേഷനിൽ ഏഷ്യാനെറ്റ് ന്യൂസ് മാത്രമായിരുന്നു പൊലീസിനൊപ്പമുണ്ടായിരുന്ന ഏക മാധ്യമം.
ഹോസ്റ്റൽ അരിച്ചു പെറുക്കിയുള്ള പരിശോധകൾക്കൊടുവിലാണ് മൂന്ന് വിദ്യാർത്ഥകളെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ് എഫ് ഐ നേതാവും പോളിടെക്നിക്ക് യൂണിയൻ ജനറൽ സെക്രട്ടറിയുമായ കരുനാഗപള്ളി സ്വദേശി അഭിരാജ്, അഭിരാജിന്റെ മുറിയിൽ താമസിക്കുന്ന ആദിത്യൻ, താഴെ നിലയിൽ താമസിക്കുന്ന ആകാശ് എന്നിവരാണ് പിടിയിലയത്. അഭിരാജിന്റെയും ആദിത്യന്റെയും മുറിയിൽ നിന്ന് 9.70 ഗ്രാം കഞ്ചാവും ആകാശിന്റ മുറിയിൽ നിന്ന് രണ്ട് കിലോയ്ക്ക് അടുത്ത് കഞ്ചാവുമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് വിശദീകരിച്ചു. റെയ്ഡിൽ അളവ് തൂക്ക ഉപകരണവും, കഞ്ചാവ് വലിക്കുന്ന ഉപകരണവും, മദ്യ കുപ്പികളും പിടിച്ചെടുത്തതായും അന്വേഷണ സംഘം വിശദീകരിച്ചു.
രാവിലയോടെ രണ്ട് എഫ്ഐആറുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. 9.70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിന് അഭിരാജിനെയും ആദിത്യനെയും പ്രതിയാക്കി ഒര് കേസും 2 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തതിന് ആകാശിനെ മാത്രം പ്രതിയാക്കി മറ്റൊരു കേസുമാണ് രജിസ്റ്റർ ചെയ്തത്. 9.70 ഗ്രാം മാത്രം കൈവശം വച്ച കേസ് ആയതിനാൽ അഭിരാജിനെയും ആദിത്യനെയും 9 മണിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഹോസ്റ്റലിൽ റെയ്ഡ് നടന്നത് അപ്രതീക്ഷിതമായാണെങ്കിലും അതിശയമില്ലെന്നാണ് പോളീടെക്നിക്ക് പ്രിൻസിപ്പാൾ പറയുന്നത്. മാസങ്ങളായി കലാലയത്തിൽ ലഹരി വിരുദ്ധ പോരാട്ടം നടക്കുകയാണെന്നാണ് വിശദീകരണം.
ഒളിവിൽ പോയ ആദിൽ കെഎസ് യുവിനായി മത്സരിച്ച വിദ്യാർത്ഥിയെന്ന് എസ്എഫ്ഐ, അഭിരാജിന് സംരക്ഷണം
തൊട്ടു പിന്നാലെ പൊലീസിനെതിരെ രൂക്ഷമായി പ്രതികരിച്ച്, എസ് എഫ് ഐ നേതാവ് അഭിരാജിന് സംരക്ഷണവുമായി എസ്എഫ്ഐ രംഗത്ത് വന്നു. താൻ ലഹരി ഉപയോഗിക്കുന്ന ആളല്ലെന്നും തന്നെ കുടുക്കിയതാണെന്നും അഭിരാജ് ആരോപിച്ചു. ക്യാമ്പസിൽ പൊലീസ് എത്തിയ ഉടൻ കെ എസ് യു ഭാരവാഹികളായ ആദിലും അനന്തുവും ഒളിവിൽ പോയെന്നും അവർക്കെതിരെ എന്തു കൊണ്ട് പൊലീസ് കേസ് എടുത്തില്ലെന്നും എസ് എഫ് ഐയുടെ വിമർശനം. എന്നാൽ ഒളിവിൽ പോയിട്ടില്ലെന്ന് തിരിച്ചടിച്ച് കെഎസ് യു രംഗത്തെത്തി. വിദ്യാർത്ഥികളായ ആദിലും ആനന്തുവും മാധ്യമങ്ങൾ ക്ക് മുന്നിൽ വന്നു. വൈകിട്ടോടെ ആകാശിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.അവസാന വർഷം വിദ്യാർത്ഥികളായ മൂന്ന് പ്രതികളെയും സസ്പെൻസ് ചെയ്യു മെന്ന് പോളീടെക്നിക്ക് അധികൃതരും വ്യക്തമാക്കി.
'ഞങ്ങളെന്തിന് ഒളിവിൽ പോവണം, ഭക്ഷണം കഴിക്കാൻ പോയതാണ്'; എസ്എഫ്ഐ ആരോപണം തള്ളി ആദിലും ആനന്തുവും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam