കുടിവെള്ള വിതരണം: 20 വർഷം മുൻപ് തുടങ്ങിയ കാളിപ്പാറ പദ്ധതി പാതിവഴിയിൽ, എസ്റ്റിമേറ്റ് 21 കോടി

By Web TeamFirst Published Apr 10, 2022, 5:23 PM IST
Highlights

നെയ്യാറിന്‍റെ തീരത്തെ ഒന്‍പത് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് 2002 ലാണ് കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം തുടങ്ങുന്നത്. 21 കോടിയായിരുന്നു എസ്റ്റിമേറ്റ്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ (Neyyattinkara) കുടിവെള്ള വിതരണത്തിനായി 20 വർഷം മുൻപ് തുടങ്ങിയ കാളിപ്പാറ പദ്ധതി പാതിവഴിയിൽ. ഒൻപത് പഞ്ചായത്തുകൾക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് പദ്ധതിയിൽ ഇതുവരെ കോടിക്കണക്കിന് രൂപയാണ് ചെലവിട്ടത്. റെയിൽവേലൈൻ മറികടന്ന് പൈപ്പുകൾ ഇടാൻ അനുമതി കിട്ടാത്തതടക്കമുള്ള പ്രശ്നങ്ങളാണ് വാട്ടർ അതോറിറ്റി നിരത്തുന്നത്.

നെയ്യാറിന്‍റെ തീരത്തെ ഒന്‍പത് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് 2002 ലാണ് കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം തുടങ്ങുന്നത്. 21 കോടിയായിരുന്നു എസ്റ്റിമേറ്റ്. 14 വർഷത്തിന് ശേഷം 2016 ലാണ് പദ്ധതി ഭാഗികമായി കമ്മീഷൻ ചെയ്തത്. എന്നിട്ടും ഒന്‍പത് പഞ്ചായത്തിൽ കള്ളിക്കാട് മാത്രമാണ് ഈ പദ്ധതി വഴി പൂർണ്ണമായും കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞത്. നെയ്യാറ്റിൻകര റെയിൽവേ ക്രോസിംഗിന് അനുതി ലഭിക്കാത്തതിനാൽ പൊൻവിള ജലസംഭരണിയിൽ വെള്ളമെത്തിക്കാൻ കഴിയുന്നില്ല. 

ഇത് വഴിയാണ് പാറശ്ശാല ചെങ്കൽ കാരോട് കുളത്തൂർ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കേണ്ടത്. നെയ്യാറ്റിൻകര ലെവൽ ക്രോസിംഗിൽ നിലവിലുള്ള ചെറിയ എസി പൈപ്പ് മാറ്റി പുതിയ പൈപ്പ് ഇടാൻ പക്ഷെ റെയിൽവേ അനുമതി നൽകിയിട്ടില്ല. ഇതോടെ പദ്ധതി പാതിവഴിയിലായി. ഇനി പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ച് റെയിൽവേ അനുവദിച്ചാൽ മാത്രമേ പൈപ്പിടാൻ കഴിയു. ഇതിനൊപ്പം ഇപ്പോൾ കമ്മീഷൻ ചെയ്ത ഭാഗത്തെ പൈപ്പുകളെക്കുറിച്ച് പരാതിയും ഉയരുന്നുണ്ട്.

20 വർഷമായി പണി തുടങ്ങിയ പദ്ധതി മാറനല്ലൂർ ഒറ്റശേഖരമംഗലം മലയൻകീഴ് പാറശാല കൊല്ലയിൽ പഞ്ചായത്തുകൾക്ക്  കാളിപ്പാറ പദ്ധതികൊണ്ട് പ്രയോജനമുണ്ടായിട്ടില്ല. എന്നാൽ റെയിൽവേ അനുമിത വൈകുന്നതിനാൽ പൈപ്പിടുന്നതിന് മറ്റുവഴികൾ തേടുകയാണെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. 2024 ഓടെ കാളിപ്പാറ പദ്ധതി പൂർത്തയാക്കുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും റെയിൽവേയും അനുമതി നേരത്തെ നേടിയെടുക്കാൻ കഴിയാത്തതുമാണ്  കാളിപ്പാറ പദ്ധതി വൈകാൻ കാരണം.

click me!