
ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിലെത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആൻ ടെസ ജോസഫ് എത്തിയത്. കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്. മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി. ഇവരിൽ 4 പേർ മലയാളികളാണ്.
വാഴൂര്‍ കാപ്പുകാട് താമസിക്കുന്ന തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയാണ് ആന്‍ ടെസ്സ ജോസഫ്. കഴിഞ്ഞ ഒമ്പതുമാസമായി കപ്പലില്‍ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു ആന്‍. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ പഠനശേഷമാണ് പരിശീലനത്തിന് കപ്പലില്‍ ജോലിക്ക് കയറിയത്. കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. ആൻ ടെസ ജോസഫിനെ തിരികെ എത്തിച്ച നടപടിയിൽ ഇറാനിലെ ഇന്ത്യൻ എംബസിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിനന്ദനമറിയിച്ചു.
ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആൻ ടെസയാണ് ഇപ്പോൾ തിരികെ നാട്ടിലെത്തിയിരിക്കുന്നത്. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam