
കണ്ണൂർ: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടിയുമായി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പാർട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയർത്തുന്നതെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങളാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നുണ്ടായതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. മാസപ്പടി കേസ് പോലുള്ള വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നൽകാൻ നേതൃത്വം തയ്യാറായില്ല. ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സാവകാശമുണ്ടായിട്ടും അതിന് ശ്രമിക്കാതെ പാർട്ടി സ്വയം അപഹാസ്യരാകുകയാണെന്നും അദ്ദേഹം പറഞ്ഞുയ
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമാണ് യുഡിഎഫ് ഉപാധികളില്ലാതെ പിന്തുണച്ചത്. പാർട്ടിയിലായിരുന്നപ്പോൾ എതിരാളികളുമായി യാതൊരു ബന്ധവും പുലർത്തിയിട്ടില്ല. എത്ര വീടുകയറി പ്രചാരണം നടത്തിയിട്ടും താൻ പറയുന്നത് തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞില്ലെങ്കിൽ പിശക് പറ്റിയത് പാർട്ടിക്ക് തന്നെയാണ്. മധുസൂദനൻ നൽകിയ കേസ് കോടതി ഫയലിൽ പോലും സ്വീകരിച്ചിട്ടില്ല. പ്രകോപനപരമായി കേസ് നടത്തുന്നതും തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്നതുമായ സമീപനമാണ് സിപിഎം തുടക്കം മുതൽ സ്വീകരിക്കുന്നത്. എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിരുന്നു. ബിജെപി പങ്കെടുത്തപ്പോൾ ഇടതുപക്ഷം വിട്ടുനിൽക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ധനരാജിന്റെ പേര് ഉച്ചരിക്കരുതെന്ന കെ.കെ. രാഗേഷിന്റെ പ്രസംഗം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്. താൻ പാർട്ടിയിലുള്ളപ്പോഴാണ് ആ കൊലപാതകം നടന്നത്. കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും വി.എസിന്റെയും പേര് ഉച്ചരിക്കാൻ എല്ലാവർക്കും അവകാശമുള്ളതുപോലെ ധനരാജിന്റെ പേര് പറയാനും അവകാശമുണ്ട്. ചിന്താശേഷി നഷ്ടപ്പെട്ട് വികാരത്തിന് അടിമപ്പെട്ടാണ് ചിലർ സംസാരിക്കുന്നത്. ഇരിട്ടി എഡ്യൂക്കേഷണൽ സൊസൈറ്റി അഴിമതി പോലെ നിരവധി തട്ടിപ്പുകൾ ഇനി പുറത്തുവരാനുണ്ട്. ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളായ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam